മക്കളെ ചികിത്സിക്കാൻ ഹൃദയം ഉൾപ്പെടെ വിൽക്കാൻ തയ്യാറായ ശാന്തിയുടെ മകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു

single-img
23 September 2020

മക്കളെ ചികിത്സിക്കാന്‍ അവയവം വില്‍ക്കാനൊരുങ്ങിയ അമ്മയുടെ മകൻ :ആത്മഹത്യയ്ക്കു ശ്രമിച്ചു. ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽക്കാൻ തയ്യാറാണെന്നു കാട്ടി തെരുവില്‍ കഴിഞ്ഞ ശാന്തിയുടെ മകന്‍ രഞ്‌ജിത്ത്‌ (23) ആണ് വീട്ടില്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. 

ഇന്നലെ രാവിലെ വീട്ടില്‍വച്ച്‌ കൈ ഞരമ്പ് മുറിച്ചാണ് രഞ്ജിത് ആത്മഹത്യാശ്രമം നടത്തിയത്‌. യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ്‌ ഗുരുതരമല്ലെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്‌ യുവാവിനെ വിട്ടയച്ചു.

ജീവിക്കാന്‍ വകയില്ലാത്ത അമ്മ മക്കളുടെ ചികിത്സാക്കായി അമ്മയുടെ അവയവങ്ങള്‍ വില്‍പന നടത്തുമെന്നു പറഞ്ഞു തെരുവിലിറങ്ങിയ സംഭവം വാർത്താ പ്രാധാന്യം നേടിയിരുന്നു. പകടത്തില്‍ പരുക്കേറ്റ് കഴിയുന്ന മക്കളുടെ ചികിത്സക്കായി കടബാധ്യതകള്‍ വര്‍ധിക്കുകയും വാടകയ്ക്ക് താമസിക്കുന്ന അമ്മയേയും മക്കളെയും അവിടെ നിന്നും ഇറക്കിയപ്പോഴാണ് വീട്ടുപകരണങ്ങളും മക്കളുമായി ശാന്തി തെരുവില്‍ ഇറങ്ങിയത്.

സംഭവം വാർത്തയായതിനെ ദതുടർന്ന് പലരും സഹായ ഹസ്തവുമായി രംഗത്ത് വന്നു. ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ ശാന്തിയെ ഫോണില്‍ വിളിച്ചു ചികിത്സ സഹായം വാഗ്ദാനം ചെയ്തിരുന്നു. വി.ഡി. സതീശന്‍ എം.എല്‍.എ ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിച്ചിരുന്നു.