കുടുംബത്തില്‍ വീട്ടമ്മമാരുടെ റോള്‍ ഏറ്റവും സുപ്രധാനവും വെല്ലുവിളി നിറഞ്ഞതും; പക്ഷെ ആരും വില മതിക്കുന്നില്ല: ബോംബെ ഹൈക്കോടതി

single-img
23 September 2020

കുടുംബ വ്യവസ്ഥിതിയില്‍ വീട്ടമ്മമാര്‍ വഹിക്കുന്ന പങ്ക് വളരെ സവിശേഷതയുള്ളതാണെന്നും എന്നാല്‍ അവരുടെ അധ്വാനം ആരും വില മതിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ മരണത്തില്‍ നഷ്ടപരിഹാരം അനിവാര്യമാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

കുടുംബങ്ങളില്‍ വീട്ടമ്മമാരുടെ റോള്‍ ഏറ്റവും സുപ്രധാനവും വെല്ലുവിളി നിറഞ്ഞതുമാണ് എങ്കിലും അതിന് ലഭിക്കുന്ന വിലമതിപ്പ് വളരെ കുറവാണ്. ഒരു കുടുംബത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന അതിപ്രധാന ഘടകമാണ് അവര്‍. കുടുംബങ്ങളില്‍ ഭര്‍ത്താവിനെ താങ്ങിനിര്‍ത്തുന്ന നെടുംതൂണും അവിടെയുള്ള കുട്ടികളെ നയിക്കുന്ന ശക്തിയും വീട്ടിലെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷാകരുമാണ് ഇവര്‍. -ജസ്റ്റീസ് അനില്‍ കിലോര്‍ പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങളില്‍ സമയം നോക്കാതെ, ഒറ്റ ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നവരാണ് അവര്‍. പക്ഷെ അത് ആരും അംഗീകരിക്കുന്നില്ല. അവര്‍ ചെയ്യുന്നതിനെ ഒരു തൊഴിലായി പരിഗണിക്കുന്നുമില്ല. അതിനാല്‍ ഒരു മാസവരുമാനവും അവര്‍ക്ക് ലഭിക്കുന്നില്ല- കോടതി പറഞ്ഞു.

അമരാവതിയില്‍ നിന്നുള്ള രംഭൂ ഗവായും രണ്ട് മക്കളും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം ഉണ്ടായത്. അമരാവതിയിലെ മോട്ടോര്‍ അക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണിന്റെ വിധിക്കെതിരെയായിരുന്നു ഹൈക്കോടതിയില്‍ അപ്പീല്‍ ചെന്നത്. പരാതിക്കാരനായ രംഭു ഗവായുടെ ഭാര്യ ബേബിഭായ് ഒരു റോഡപകടത്തില്‍ മരണപ്പെട്ടിരുന്നു. പക്ഷെ അവര്‍ക്ക് പ്രത്യേകിച്ച് ജോലി ഇല്ലാത്തതിനാല്‍ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു 2007 ഫെബ്രുവരി 3ന് ട്രിബ്യൂണല്‍ വിധിച്ചത്.

2005ലായിരുന്നു ഈ അപകടം നടക്കുന്നത്. ബേബിഭായ് യാത്രചെയ്ത വാഹനം ഒരു മരത്തിലിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും വൈകാതെ മരണമടയുകയായിരുന്നു. അപ്പീല്‍ പരിഗണിക്കവേ ട്രിബ്യൂണലിന്റെ മുന്‍ ഉത്തരവ് മടക്കി ഹൈക്കോടതി, ഒരു വീട്ടമ്മയുടെ സേവനത്തിന് സാമ്പത്തിക മൂല്യം കണക്കാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ഇതിന് ഉദാഹരണമായി 2001ല്‍ സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു വീട്ടമ്മ എന്ന നിലയില്‍ 3000 രൂപയും അവരുടെ ജോലിക്ക് 3,000 രൂപയും വരുമാനം നിശ്ചയിച്ച കോടതി കുടുംബത്തിന് 8.22 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയും ഉണ്ടെന്ന് ഉത്തരവിട്ടു. ഇത് പ്രകാരം അടുത്ത മൂന്നു മാസത്തിനുള്ളില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കോടതി നിര്‍ദ്ദേശവും നല്‍കി.