കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചർ: അറിയുമോ, കേരളത്തില്‍ സര്‍ക്കസിൻ്റെ പിതാവായി അറിയപ്പെടുന്ന ഈ തലശ്ശേി കരുത്തിനെ

single-img
23 September 2020

– ജിജേഷ് ആർ.ബി

കേരളത്തില്‍ സര്‍ക്കസിൻ്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞികണ്ണനാണ് ആദ്യമായി സര്‍ക്കസ് കൊണ്ടുവന്നത്. കീലേരി കുഞ്ഞിക്കണ്ണന്‍ തലശ്ശേരി ബി.ഇ.എം.പി. സ്‌കൂളിലെ ജിംനാസ്റ്റിക്‌സ് അദ്ധ്യാപകനായിരുന്നു. കളരിയും മെയ്യഭ്യാസവും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. 1888ല്‍ ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്സ് കമ്പനിയായ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് കണ്ടതോടെയാണ് അദ്ദേഹം സര്‍ക്കസില്‍ തല്‍പ്പരനായത്.

തുടര്‍ന്ന് സര്‍ക്കസ് പരിശീലനത്തിനായി പുലമ്പില്‍ എന്ന പ്രദേശത്ത് അദ്ദേഹം ഒരു കളരിയും തുടങ്ങി. 1901ല്‍ ചിറക്കരയില്‍ കേരളത്തിലെ ആദ്യത്തേതും, ഇന്ത്യയിലെ രണ്ടാമത്തെയും സര്‍ക്കസ് സ്‌കൂള്‍ അദ്ദേഹം സ്ഥാപിച്ചു. കീലേരി കുഞ്ഞിക്കണ്ണന്റെ ശിക്ഷ്യനായിരുന്ന പരിയാളി കണ്ണനാണ് 1904ല്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസ് കമ്പനിയായ മലബാര്‍ ഗ്രാന്റ് സര്‍ക്കസ് ആരംഭിക്കുന്നത്.

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള കലയായ സര്‍ക്കസ് പുരാതന റോമിലാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കസിന്റെ ആരംഭം മഹാരാഷ്ട്രയിലായിരുന്നു. വിഷ്ണുപന്ത് മൊറേശ്വര്‍ഛത്രയാണ് ആദ്യമായി സര്‍ക്കസ് കൂടാരം ഉയര്‍ത്തിയത്. ഛത്രേസ് ഗ്രെയ്റ്റ് ഇന്ത്യന്‍ സര്‍ക്കസ്. മഹാരാഷ്ട്രയില്‍ കൂടുതലും മൃഗങ്ങളെ കൊണ്ടുള്ള സര്‍ക്കസുകള്‍ക്കായിരുന്നു പ്രാധാന്യം. കായികമായുള്ള പരിശീലനക്കളരികള്‍ കുറവായിരുന്നു.

കേരളീയരുടെ രംഗപ്രവേശനത്തിലൂടെയായിരുന്നു സര്‍ക്കസില്‍ മാറ്റത്തിന്റെ ഉള്‍ക്കരുത്ത് പ്രകടമായത്. കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറായിരുന്നു ഈ കരുത്തിന് വിത്തുപാകിയത്.

ഗുരുമുഖത്ത് നിന്ന് പരിശീലനം നേടാതെ കണ്ടും കേട്ടും സ്വയം പരിശീലനം നടത്തിയുമാണ് ഈ ഉള്‍ക്കരുത്ത് നേടിയത്. ഒരാനയുടെ കരുത്ത് അദ്ദേഹം ആര്‍ജ്ജിച്ചിരുന്നുവത്രെ. യൂറോപ്യരുടെ ഹിപ്പോഡ്രോം സര്‍ക്കസാണ് കീലേരി ആദ്യം കണ്ടത്. പിന്നീട് തലശ്ശേരിയില്‍ വെച്ച് ഛത്രോസ് സര്‍ക്കസും. അന്നു കീലേരിയും ഛത്രേയും കണ്ടുമുട്ടി. അവര്‍ തമ്മിലുണ്ടായ സംവാദം സര്‍ക്കസ് കളരിക്ക് ബീജവാപം നല്‍കി.

കംബക്കളിയാണ് സര്‍ക്കസിന് കീലേരി സംഭാവന ചെയ്ത മറ്റൊരിനം. ദക്ഷിണേന്ത്യന്‍ നാടോടികളായ അഭ്യാസികള്‍ കളിച്ചിരുന്ന കംബക്കയര്‍ നടത്തവും ഞാണിമേല്‍ കളിയും സമന്വയിപ്പിച്ചാണ് ഈ അഭ്യാസം. കീലേരിയുടെ ഭാര്യാ സഹോദരന്‍ ആണ് ആദ്യമായി കംബക്കളി അരങ്ങില്‍ അവതരിപ്പിച്ചത്. മൂന്നു വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെ സര്‍ക്കസ്സിന്നവശ്യമായ അഭ്യാസികളെ കീലേരി ഒരുക്കിയെടുത്തു. അതോടെ കേരളീയരുടെ ആദ്യ സര്‍ക്കസ് കൂടാരം ചിറക്കര വയലില്‍ ഉയര്‍ന്നു. പരിയാലീസ് മലബാര്‍ ഗ്രാന്റ് സര്‍ക്കസ്. കീലേരി ആയിരുന്നു അത് ഉത്ഘാടനം ചെയ്തത്. കളരിയിലെ ആദ്യ വനിതാ താരം കുന്നത്ത് യശോദയും അരങ്ങേറ്റം കുറിച്ചു. പിരിയാലീസ് സര്‍ക്കസില്‍ മൃഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മഹാരാഷ്ട്ര സര്‍ക്കസ്സില്‍ നിന്നും ഉയര്‍ന്നു വന്ന വെല്ലുവിളികളെ കായികാഭ്യാസം കൊണ്ട് തോല്‍പ്പിക്കാന്‍ പിരിയാലിക്ക് കഴിഞ്ഞു. അതുല്യ പ്രകടനങ്ങള്‍ കണ്ടു ഇവിടുള്ള ആളുകള്‍ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കസ് ഉടമസ്ഥര്‍ പരസ്പരം മത്സരിച്ചു. അതോടെ കീലേരിയുടെ കളരി സജീവമായി. സാഹസികരായ പലരും മുന്നോട്ടു വന്നു. അതില്‍ പലരും ഒരുനേരത്തെ ആഹാരത്തിനു പോലും വഴിമുട്ടിയവര്‍ ആയിരുന്നു. പരിശീലന കാലത്ത് ആരില്‍ നിന്നും പ്രതിഫലം വാങ്ങിയിരുന്നില്ല. സര്‍ക്കസിന്റെ വളര്‍ച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ സര്‍ക്കസ്സ് അഭ്യസിച്ച പരിയാളി കണ്ണനാണ് കേരളത്തിലെ ആദ്യത്തെ സര്‍ക്കസ് കമ്പനിയായ മലബാര്‍ ഗ്രാന്റ് സര്‍ക്കസ് 1904ല്‍ ആരംഭിച്ചത്. വൈറ്റ്വേ സര്‍ക്കസ്, ഫെയറി സര്‍ക്കസ്, ഗ്രേറ്റ് റേമാന്‍ സര്‍ക്കസ്, ഈസ്‌റ്റേണ്‍ സര്‍ക്കസ്, ഓറിയെന്റല്‍ സര്‍ക്കസ്, കമല ത്രീ റിംഗ് സര്‍ക്കസ്, ജെമിനി സര്‍ക്കസ്, ഗ്രേറ്റ് ബോംബേ സര്‍ക്കസ്, ഗ്രേറ്റ് ലയണ്‍ സര്‍ക്കസ് എന്നിവയും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആരംഭിച്ചതാണ്.

ജര്‍മ്മനിയില്‍ ഇദ്ദേഹത്തിന്റെ സര്‍ക്കസ് കണ്ട അഡോള്‍ഫ് ഹിറ്റ്‌ലര്‍ അത്ഭുതപ്പെട്ടുപോയെന്നും അനുമോദിച്ചു എന്നും പറയപ്പെടുന്നു. അതി പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഫാസ്റ്റ് ബൗളര്‍ ആയിരുന്ന കീലേരി ചോര കാണാതെ അടങ്ങില്ല എന്ന് ഒരു പറച്ചില്‍ തലശ്ശേരിയില്‍ നിലനിന്നിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പണയപ്പെടുത്തിയാണു ബാറ്റ്‌സ്മാന്മാര്‍ കീലേരി കുഞ്ഞിക്കണ്ണന്റെ ബോളുകളെ നേരിട്ടിരുന്നത്. ഹെല്‍മെറ്റ് അത്ര പ്രചാരമില്ലായിരുന്ന അക്കാലത്ത് തന്റെ ബോളിങ്ങിനിടയില്‍ പരിക്കുകള്‍ സംഭവിക്കല്‍ സാധാരണമായതു കൊണ്ട് ക്രിക്കറ്റ് അവസാനിപ്പിച്ച് സര്‍ക്കസിലേക്ക് തിരിഞ്ഞു.

1939ല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.എണ്‍പതു വര്‍ഷങ്ങള്‍ക്കകം കീലേരിയുടെ ശിഷ്യര്‍ ഇന്ത്യന്‍ സര്‍ക്കസ് കീഴടക്കി. മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്ര എന്നിവടങ്ങളിലെ സര്‍ക്കസ് കമ്പനികളിലെ അഭ്യാസികള്‍ ഏറെയും മലയാളികള്‍ തന്നെ ആയിരുന്നു.

ഇന്ത്യയില്‍ ഇന്ന് അമ്പതോളം സര്‍ക്കസ് കമ്പനികള്‍ ഉണ്ട്. അറുന്നൂറോളം ജീവനക്കാരുള്ള കമല സര്‍ക്കസ് പോലുള്ളവ ഇക്കൂട്ടത്തിലെ വമ്പന്മാരാണ്. നൂറിലധികം സര്‍ക്കസ് കമ്പനികള്‍ ഉള്ള റഷ്യ ഒഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കസ് കമ്പനികള്‍ ഉള്ളത് ഇന്ത്യയില്‍ ആണ്. ഉത്തരേന്ത്യക്കാരുടെ ചുരുക്കം ചില കമ്പനികള്‍ ഒഴിച്ചാല്‍ മറ്റെല്ലാം മലയാളികള്‍ തന്നെ നടത്തുന്നു .ഇതിലെ ബഹു ഭൂരിഭാഗവും മലയാളികള്‍ തന്നെ. ഇതിലെ വലിയൊരു വിഭാഗം സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയുമായി ബന്ധമുള്ളവരാണ്.

എണ്ണമറ്റ കലാകാരന്മാരുടെ കണ്ണീരും കിനാവും നിറഞ്ഞ വ്യത്യസ്തലോകമാണ് സര്‍ക്കസ്സ്. മഹത്തായ ഒരു ചരിത്രപാരമ്പര്യം സര്‍ക്കസ്സിനുണ്ട്. കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ ശിഷ്യപരമ്പര സര്‍ക്കസിന്റെ തലശ്ശേരിപ്പെരുമയെ ലോകം മുഴുവനുമെത്തിച്ചു. വിശ്വപ്രസിദ്ധരായ ഭരണാധികാരികളും രാഷ്ട്രതന്ത്രജ്ഞന്മാരും കലാപ്രതിഭകളും സര്‍ക്കസിനെ ഒരുകാലത്ത് നെഞ്ചിലേറ്റിയിരുന്നു.

‘സര്‍ക്കസുകാരന്‍’ അങ്ങനെ പറയുന്നതിലും പറഞ്ഞുകേള്‍ക്കുന്നതിലും അഭിമാനമുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സര്‍ക്കസുകാരനായിത്തന്നെ ജീവിക്കണമെന്നാണ് മോഹം. ജനിക്കുന്നത് ഇന്ത്യാമഹാരാജ്യത്ത് ആകരുതേ എന്ന പ്രാര്‍ത്ഥനയും’. ഇങ്ങനെ പറയുന്നത് മറ്റാരുമല്ല. സര്‍ക്കസിന്റെ ആത്മാവെന്നു വിശേഷിപ്പിക്കാവുന്ന ശ്രീധരന്‍ ചമ്പാട്.

വിദേശങ്ങളില്‍ സര്‍ക്കസ്സ് ദേശീയ കലയാകുമ്പോള്‍ ഇന്ത്യയില്‍ സര്‍ക്കസ്സ് മരിച്ചു കെണ്ടാണ്ടിരിക്കുന്ന വിശിഷ്ട കലയാണ്. നേരംപോക്കിനൊരു ഉപാധി. റിങില്‍ അനേകായിരങ്ങളെ രസിപ്പിക്കുന്ന സര്‍ക്കസ്സ് കലാകാരന്‍മാരുടെ കാണികള്‍ കാണാത്ത കണ്ണീരില്‍ കുതിര്‍ന്ന ജീവിതം വരച്ചു കാണിച്ച് തരാനും ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ അപൂര്‍വ്വം പേരില്‍ ഒരാളാണ് ശ്രീധരന്‍ ചമ്പാട്. ഒരു സര്‍ക്കസ്സ് കലാകാരനായി ജീവിച്ചപ്പോഴും അനേകം വേഷങ്ങള്‍ കെട്ടിയാടേണ്ടി വന്നതിന്റെ അനുഭവ വെളിച്ചം അദ്ദേഹത്തിന്റെ തമ്പ് പറഞ്ഞ ജീവിതം എന്ന ഗ്രന്ഥത്തിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്.

സര്‍ക്കസ്സിന്റെ തലശ്ശേരിപ്പെരുമ കാലഗതിയില്‍ വഴിമാറിയെങ്കിലും സര്‍ക്കസ്സ് എന്ന കലയെ ആത്മാവില്‍ കൊണ്ടുനടക്കുന്നവര്‍ ഇപ്പോഴും തലശ്ശേരിയില്‍ അവിടവിടെ ജീവിക്കുന്നുണ്ട്.