ഒരു ബൂത്തിൽ ആയിരം പേർ മാത്രം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ ബൂത്തുകൾ വിഭജിക്കും

single-img
23 September 2020

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബൂത്ത് വിഭജനമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി വോട്ടർമാരുടെ എണ്ണം ആയിരമായി നിജപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനച്ചതോടെയാണ് ബൂത്ത് വിഭജിക്കേണ്ട വരുമെന്ന് ഉറപ്പായിരിക്കുന്നത്. .കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 വോട്ടർമാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ഇതിൽ കുടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനാണ് തീരുമാനം. 

സംസ്ഥാനത്ത് നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കും. നേരത്തെ കമ്മിഷൻ വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയപാർട്ടികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ചത്. ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 500 പേരായി ചുരുക്കണമെന്നായിരുന്നു യു.ഡി.എഫ് ആവശ്യപ്പെട്ടത്. എന്നാൽ രണ്ടിൽ കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ പ്രായോഗികമല്ലെന്ന് പറഞ്ഞ് യു.ഡി.എഫ് ആവശ്യം കമ്മിഷൻ അപ്പോൾ തന്നെ തളളിയിരുന്നു. 

നിലവിൽ വോട്ടെടുപ്പ് സമയം ഒരു മണിക്കുർ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുകയെന്നാണ് വിവരം. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുളള നീക്കമാണ് കമ്മിഷന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഒരു ബൂത്തിൽ വോട്ടർമാരുടെ എണ്ണം ആയിരം പേരായി ചുരുങ്ങുമ്പോൾ വോട്ട് ചെയ്യാനെത്തുന്ന ജനങ്ങൾക്ക് അത് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.