കോവിഡ്: ഷാര്‍ജയില്‍ വിമാന യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിന്‍വലിച്ച് എയർ അറേബ്യ

single-img
23 September 2020

കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ .

ഇനിമുതല്‍ യു എ ഇ സ്വദേശികൾക്കും പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാന്‍ സാധിക്കും. അതേസമയം പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ തയ്യാറാവണം.

ഷാർജയിലെ വിമാനത്താവളം വഴി പോകുന്നവരും വരുന്നവരും അന്താരാഷ്ട്ര ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണം. ഇവിടേക്ക് വന്നിറങ്ങുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പെങ്കിലും നടത്തിയ പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആയിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേപോലെ തന്നെ തിരികെ ഷാർജയിലെത്തിയാൽ വീണ്ടും പി സി ആർ ടെസ്റ്റ് നടത്തും. ഈ ടെസ്റ്റിന്റെ ഫലം വരുന്നത് വരെ യാത്രക്കാർ ക്വാറന്റയിനിൽ കഴിയണം.

പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവർ 14 ദിവസം ക്വാറന്റയിനിൽ കഴിയണം. ഈ കാലയളവില്‍ ചികിൽസാ ചെലവുകൾ സ്വയം വഹിക്കണം. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നവർക്ക് പിന്നീട് ക്വാറന്റയിൻ ആവശ്യമില്ല. അതേസമയം വിസ ഓൺ അറൈവലിന് യോഗ്യതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജ വിമാനത്താവളം വഴി യു എ ഇയിലെത്താമെന്നും എയർ അറേബ്യ പുറത്തിറക്കിയ മാർഗനിർദേശങ്ങളില്‍ പറയുന്നു.