അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ബന്ധുവിനെ അറസ്റ്റു ചെയ്തു

single-img
23 September 2020

അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 35വയസ്സുകാരൻ അറസ്റ്റിൽ. അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്. കുട്ടിയെ ഇയാൾ മാസങ്ങളായി പീഡിപ്പിച്ചിരുന്നെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്. 

യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാവ് പലദിവസങ്ങളിലും അയാളുടെ വീട്ടിൽ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

ഉപദ്രവമേറിയതോടെ കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മ ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചു. അഞ്ചൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.