കെെ വയ്യ, പൊട്ടിയിരിക്കുകയാണ്: പറഞ്ഞിട്ടും കേൾക്കാതെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് മാർച്ചിൽ പങ്കെടുത്ത കെപിസിസി അംഗത്തിൻ്റെ പരാതി

single-img
23 September 2020

സംസ്ഥാന സർക്കാരിനെതിരെയുള്ള മാർച്ചിൽ പങ്കെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചുവെന്ന് പരാതിപ്പെട്ട് കെപിസിസി അംഗം. പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മലപ്പുറം പൊലീസ് സ്റ്റേഷനിലെ എൽ. ഹരിലാലിന് എതിരെയാണ് കെപിസിസി അംഗം അഡ്വ.കെ.ശിവരാമൻ പരാതി നൽകിയിരിക്കുന്നത്. 

മലപ്പുറം കുന്നുമ്മലിൽ  കഴിഞ്ഞ ആഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ഓട്ടോ സ്റ്റാന്റിന് സമീപത്തുവച്ച് ഹരിലാൽ തന്നെ അകാരണമായി മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഓഗസ്റ്റ് 31ന് പി എസ് സി ചെയർമാൻ്റെ വസതിയിലേക്ക് നടന്ന മാർച്ചിനിടയിലുള്ള പൊലീസ് ലാത്തി ചാർജിൽ ശിവരാമൻ്റെ ഇടതു കൈയിലെ വിരലുകൾക്ക് പരിക്കേറ്റിരുന്നു.

തൻ്റെ കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പൊലീസ് അകാരണമായി മർദ്ദിച്ചുവെന്നാണ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ അദ്ദേഹം ആരോപിക്കുന്നത്. കൈ പ്ലാസ്റ്ററിട്ട അവസ്ഥയിലായിരുന്നു ശിവരാമൻ. ആ സമയത്ത് പ്രദേശത്ത് ജനക്കൂട്ടമോ സംഘർഷമോ ഉണ്ടായിരുന്നില്ലെന്നും, കളക്‌ടറേറ്റിനു മുൻപിലെ യൂത്ത് കോൺഗ്രസ് മാർച്ച് അവസാനിച്ചിരുന്നെന്നും ശിവരാമൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.