സ്ലീവ് ലെസ് ഡ്രസുകളും ഷോട്സും പാടില്ല; പൊതുസ്ഥലങ്ങളിൽ വസ്ത്രധാരണ നിബന്ധനകളുമായി ഒമാൻ

single-img
22 September 2020

പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ലീവ് ലെസ് ഡ്രസുകളും ഷോട്സും പാടില്ല എന്ന നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും നിബന്ധന ബാധകമായിരിക്കും. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ വരെ പിഴയും മൂന്ന് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഒമാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

ഒമാനികൾക്ക് പുറമെ രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും നിർദേശങ്ങൾ ബാധകമായിരിക്കും.’ധരിക്കുന്ന വസ്ത്രങ്ങൾ എളിമയുടെ മര്യാദകള്‍ ലംഘിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ പുതിയ നിർദേശങ്ങൾ വിവേചനമില്ലാതെ തന്നെ നടപ്പാക്കും. പുതിയ തീരുമാന പ്രകാരം സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മുട്ടിന് മുകളില്‍ നിൽക്കുന്ന ഷോട്സ് ധരിക്കാൻ പാടുള്ളതല്ല. അതുപോലെ നെഞ്ചും തോളുകളും വ്യക്തമാക്കുന്ന തരത്തിലുള്ള സ്ലീവ് ലെസ് വസ്ത്രങ്ങളും ഒഴിവാക്കണം.’- മുൻസിപ്പൽ കൗൺസിൽ പബ്ലിക്ക് അഫേഴ്സ് കമ്മിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അല്‍ മഅ്ഷറി അറിയിച്ചു.

‘വസ്ത്രധാരണരീതി എങ്ങനെയുണ്ടാകണമെന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടില്ലെങ്കിലും തോൾ മുതൽ മുട്ടിന് താഴെ വരെ പൂർണ്ണമായും മറയുന്ന തരത്തിലുള്ളതാകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്’ എന്നാണ് ഖൈസ് ബിൻ മുഹമ്മദ് അല്‍ മഅ്ഷറി അറിയിച്ചിരിക്കുന്നത്.‌‌ പൊതു സ്ഥലങ്ങളിലും മാളുകളിലും ആളുകൾ ശരിയായ വസ്ത്രധാരണ രീതിയല്ല പിന്തുടരുന്നതെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുൻസിപ്പൽ കമ്മിറ്റി ഇത്തരമൊരു നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്.