പാലാരിവട്ടം പാലം പുതുക്കിപ്പണിയാം; സുപ്രീംകോടതി, സർക്കാരിന് വിജയം

single-img
22 September 2020

പാലാരിവട്ടം പാലം പൊളിച്ച് പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാൽ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പാലത്തിന്‍റെ ദുർബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോർട്ട് അടക്കം ഹാജരാക്കി സംസ്ഥാനസർക്കാർ വിശദമായി വാദം നടത്തിയതിന്‍റെ വിജയം കൂടിയാണിത്.

സംസ്ഥാനസർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചു. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കിൽ അതിൽ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കിൽ സർക്കാരിന് അതാകാം – സുപ്രീംകോടതി നിരീക്ഷിച്ചു. ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് പാലം പൊളിച്ച് പുതിയത് പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ്, പാലാരിവട്ടം പാലം കേസിൽ തൽസ്ഥിതി തുടരട്ടെയെന്നും, നിർമാണക്കമ്പനി മറുപടി നൽകട്ടെയെന്നും കാട്ടി ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ കേസ് നീണ്ടുപോകുകയാണെന്നും, അനുദിനം പാലാരിവട്ടം മേഖലയിൽ ഗതാഗതക്കുരുക്ക് നീണ്ടുപോകുന്നതിനാൽ പെട്ടെന്ന് തീർപ്പ് വേണമെന്നും കാട്ടി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.