നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത സിപിഎമ്മിനില്ല: പി ജയരാജന്‍

single-img
22 September 2020

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത സിപിഎമ്മിനില്ല എന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാര്‍ട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളൂ. നേതാക്കളുടെ കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി ജയരാജന്റെ പ്രതികരണം.

ഭാരവാഹികളിൽ ആരുടേയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെയുള്ള പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി ജയരാജന്റെ മറുപടി.

മകന്‍ എന്തെങ്കിലും ഇടപാടുകളില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവന്‍ തന്നെ നേരിട്ടുകൊള്ളുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.