കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ മമത; മമതക്കെതിരെ ബംഗാള്‍ ​ഗവർണർ

single-img
22 September 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കർഷക ബില്ലിനെച്ചൊല്ലി പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തെരുവിലിറങ്ങാൻ തയ്യാറാണെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ പശ്ചിമബം​ഗാൾ ​ഗവർണർ ജ​ഗദീപ് ധൻഖർ.

രാജ്യമാകെയുള്ള കൊറോണ വൈറസ് മ​ഹാമാരിയെ തുടർന്ന് കേന്ദ്രപദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് നഷ്ടപ്പെട്ടതിന് ശേഷം മമത ബാനർജി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പദ്ധതിയായ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിഷ്ക്രിയവും അലസവുമായ നിലപാടാണ് തൃണമൂൽ കോൺ​ഗ്രസ് സർക്കാർ സംസ്ഥാനത്ത് സ്വീകരിച്ചതെന്ന് മമത ബാനർജിക്കയച്ച കത്തിൽ​ ​ഗവർണർ പറയുന്നു.

സംസ്ഥാന മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന ഇല്ലാതാക്കാൻ മമതയുടെ മുതലക്കണ്ണീരിന് സാധിക്കില്ല. ഈ കത്തിനൊപ്പം ട്വിറ്ററിൽ ​ഗവർണർ എഴുതി. മാത്രമല്ല, പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ ബം​ഗാളിലെ 70 ലക്ഷം കർഷകർക്ക് 8400 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് മമത സർക്കാർ നിഷേധിച്ചതെന്ന് ​ഗവർണർ ആരോപിച്ചു.