ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് കേന്ദ്രം ഞങ്ങളെ ‘സ്‌നേഹി’ക്കുന്നതുകൊണ്ട്: ശരദ് പവാര്‍

single-img
22 September 2020

കേന്ദ്ര ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസ് അയച്ചതിനെ പരിഹസിച്ചുകൊണ്ട് എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്തെത്തി. കേന്ദ്രസർക്കാർ ഞങ്ങളെ ‘സ്‌നേഹി’ക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ നോട്ടീസ് അയച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ ഇത്രയും പേര്‍ക്കിടയില്‍ നിന്ന് ഞങ്ങളെ പ്രത്യേകം ‘സ്‌നേഹി’ക്കുന്നതില്‍ സന്തോഷമുണ്ട്. നിലവിൽ നോട്ടീസിന് മറുപടി നല്‍കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരദ് പവാര്‍ പറഞ്ഞു. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരത്തെ ശരദ് പവാര്‍ നല്‍കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്.

ശരദ് പവാറിന് പുറമെ മകള്‍ സുപ്രിയ സുലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രിയായ ആദിത്യ താക്കറെ എന്നിവര്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അതേസമയം ഇന്നലെ എട്ട് രാജ്യസഭ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ശരദ് പവാര്‍ നിരാഹാര സമരം നടത്തിയിരുന്നു.