കോ​വി​ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച്ച ചൂണ്ടിക്കാട്ടിയ പൗരന് ചൈനയില്‍ 18 വർഷം തടവ്

single-img
22 September 2020

രാജ്യത്തെ കോ​വി​ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ഷീ ജിൻ പിംഗിനെതിരെ വിമർശനം ഉന്നയിച്ച വ്യവസായിക്ക് 18 വർഷം തടവ് ശിക്ഷ. ചൈനയിലെ കോടീശ്വരനായ റെൻ ഷിൻക്വിയാങിനെയാണ് നിരവധി അഴിമതി കുറ്റങ്ങൾ ചുമത്തി ചൈന ജയിലിൽ അടച്ചത്.

ചൈനീസ് അധികൃതര്‍ കോ​വി​ഡ് കൈകാര്യം ചെയ്യുന്നതിൽ ഷീ ജിൻ പിംഗിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വ്യക്തിയായിരുന്നു റെൻ. ഈ വര്‍ഷം മാർച്ചിലാണ് റെൻ ഷീ ജിൻ പിംഗിനെ വിമർശിച്ചു കൊണ്ട് ഒരു ലേഖനം എഴുതിയത്. ഈ ലേഖനത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയുണ്ടായി.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാൾ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തന്റെ ഈ ലേഖനത്തിൽ വിമർശിച്ചത്. പിന്നാലെ തന്നെ റെനിന്റെ ലേഖനം വിവാദമാകുകയും ഇദ്ദേഹത്തെ കാണാതാവുകയുമുണ്ടായി.

അതിന് ശേഷമാണ് ഇദ്ദേഹത്തിനെതിരെ അഴിമതി കേസുകൾ ചുമത്തപ്പെടുന്നത്. ചൈനയുടെ പൊതുഫണ്ടിൽ നിന്നും 16.3 മില്യൺ ഡോളർ അപഹരിച്ചു, കൈക്കൂലി സ്വീകരിച്ചു, അധികാര ദുർവിനിയോഗം നടത്തി എന്നീ കുറ്റങ്ങളാണ് നിലവില്‍ റെനിനെതിരെ ചുമത്തിയിരിക്കുന്നത്. എന്തായാലും 18 വർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 6,20,000 ഡോളർ പിഴയും കോടതി റെനിന് വിധിക്കുകയുണ്ടായി.