രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍

single-img
22 September 2020

രാജ്യത്തെ സഹകരണ ബാങ്കുകളെ ഇനിമുതല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി 2020ലെ ബാങ്കിംഗ് റെഗുലേഷന്‍ ബില്‍ രാജ്യസഭ പാസാക്കി. പ്രതിപക്ഷ എതിര്‍പ്പിനിടെ ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. ഈ മാസം 16ന് ലോക്സഭയും ബില്‍ പാസാക്കിയിരുന്നു.

രാജ്യം കടന്നുപോകുന്ന കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നിരവധി സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതായും ഇവയുടെ ധനസ്ഥിതി ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും മൊറട്ടോറിയം ഇല്ലാതെ സഹകരണ ബാങ്കുകളെ വേഗത്തില്‍ വീണ്ടെടുക്കുന്നതിന് ഈ ഭേദഗതി സഹായിക്കുമെന്നും മന്ത്രി പറയുന്നു. രാജ്യത്തെ സഹകരണ സംഘങ്ങളുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രം റിസര്‍വ് ബാങ്കിനെ അധികാരപ്പെടുത്തുന്നതാണ് ബില്‍.

ഈ വര്‍ഷം മാര്‍ച്ചിലെ ബജറ്റ് സെഷനിലാണ് ബില്‍ ആദ്യമായി സഭയില്‍ കേന്ദ്രം അവതരിപ്പിച്ചത്. പക്ഷെ കൊവിഡ് കാരണം ബില്‍ അന്ന് പാസാക്കാന്‍ കഴിഞ്ഞില്ല.