എല്ലാവര്‍ക്കും സമരം ചെയ്യാമെങ്കിലും അത് പരമമായ അവകാശമല്ല: സുപ്രീം കോടതി

single-img
21 September 2020

രാജ്യത്തു പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശം പരമമല്ലെന്നു സുപ്രീംകോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണം. സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശം.

ഡല്‍ഹി ഷഹീന്‍ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലകൊള്ളുന്ന സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാര്‍ച്ചിൽ നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാണയിലും നടന്ന കര്‍ഷക സമരങ്ങള്‍ ഇതിന് ഉദാഹരണം ആണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് കോടതി നിരീക്ഷിച്ചത്.