‘ഇഗ് നൊബേല്‍’ പുരസ്‌കാരം മോദിക്ക്; അവാർഡ് നൽകുന്നത് എഐആർ മാഗസിൻ

single-img
21 September 2020

നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ ഇഗ് നൊബേല്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഇഗ് നൊബേല്‍.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ അബദ്ധ പ്രസ്താവനകൾ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്. ശാസ്ത്രജ്ഞര്‍ക്കും ഡോക്ടര്‍മാര്‍ക്കും കഴിയുന്നതിനേക്കാള്‍ ജനങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുക രാഷ്ട്രീയക്കാര്‍ക്കാണെന്ന ‘വലിയ പാഠം പഠിപ്പിച്ച’തിനാണ് മോദിയ്ക്ക് പുരസ്‌കാരം എന്ന് എഐആർ മാഗസിൻ (Annals of Improbable Research magzine) വ്യക്തമാക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടിയാണ് പുരസ്‌കാരം.

മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ, മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ തുടങ്ങിയവരും മെഡിക്കല്‍ രംഗത്തെ ‘വിശിഷ്ട സംഭാവനകള്‍’ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

മുൻപ്, അടൽ ബിഹാരി വാജ്പേയിക്കും ഇത്തരത്തിൽ പുരസ്‌കാരം ലഭിച്ചിരുന്നു. 1991 മുതല്‍ എല്ലാ വര്‍ഷവും എഐആർ മാഗസിൻ ഇഗ് നൊബേല്‍ പുരസ്‌കാരം നല്‍കുന്നുണ്ട്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം എന്ന് സംഘാടകർ പറഞ്ഞു.