താങ്ങുവില വര്‍ദ്ധനവിലൂടെ കര്‍ഷക സമരങ്ങളെ തണുപ്പിക്കാന്‍ ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍

single-img
21 September 2020

രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉയര്‍ന്ന കര്‍ഷകരുടെ സമരങ്ങളെ തണുപ്പിക്കാന്‍ ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം കേന്ദ്രം റാബി വിളകള്‍ക്കുള്ള താങ്ങുവില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടു.

സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലുകളില്‍ താങ്ങുവിലയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നും താങ്ങുവില എടുത്തുമാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വര്‍ദ്ധനവ്‌ വരുത്തിയത് എന്നത് ശ്രദ്ധേയമാണ്. നിലവില്‍ ഗോതമ്പിന്റെ താങ്ങുവില 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

ഇത് പ്രകാരം ഈ സീസണില്‍ 1975 രൂപയായിരിക്കും ഗോതമ്പിന്റെ താങ്ങുവില. അതേപോലെ തന്നെ കടുകിന്റെയും പയറുവര്‍ഗങ്ങളുടെയും താങ്ങുവിലയില്‍ 225 രൂപയുടെ വര്‍ദ്ധനവുണ്ടായി. എന്നാല്‍ പരിപ്പിന്റെ താങ്ങുവിലയിലാണ് ഏറ്റവും വലിയ വര്‍ദ്ധന ഉണ്ടായത്. കേന്ദ്രം 300 രൂപയാണ് പരിപ്പിന് വര്‍ദ്ധിപ്പിച്ചത്. ഇവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയെന്ന് രാജ്യത്തെഎക്കണോമിക് അഫയേഴ്‌സ് കാബിനറ്റ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിക്കുകയുണ്ടായി. അതേസമയം കേന്ദ്ര ബില്ലിനെതിരെ സമരത്തിലുള്ള കര്‍ഷകരെ കളിയാക്കുന്നതാണ് ഈ നടപടിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.