ബൊട്‌സ്വാനയില്‍ കാട്ടാനകളുടെ കൂട്ടമരണം; കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍

single-img
21 September 2020

വടക്കൻ ബോട്സ്വാനയിൽ 350ല്‍ കൂടുതല്‍ കാട്ടാനകളെ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തുടക്കത്തില്‍ കാരണം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനകളുടെ മരണ കാരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഈ ആനകള്‍ കുടിച്ച വെള്ളത്തിലെ ബാക്ടീരിയകളില്‍ നിന്നുമുണ്ടായ വിഷാംശമാണ് ആനകളുടെ മരണ കാരണമെന്നാണ് ബൊട്‌സ്വാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

‘ ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ സയനോബാക്ടീരിയല്‍ ന്യൂറോടോക്‌സിനുകള്‍ മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സാധാരണയായി വെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ്,’ രാജ്യത്തെ വന്യജീവി വകുപ്പിലെയും ദേശീയ പാര്‍ക്കുകളിലെയും പ്രിന്‍സിപ്പല്‍ വെറ്റിനറി ഓഫീസര്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം വെള്ളത്തിലെ ബാക്ടീരയ ആണ് മരണ കാരണമെങ്കില്‍ ആനകള്‍ മാത്രം എങ്ങനെ മരിച്ചു എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കഴിഞ്ഞ മെയ് മാസത്തിന്റെ ആരംഭത്തില്‍ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു.കാണപ്പെട്ട ആനകളുടെ ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്തായിരുന്നു.