‘ലിവിങ് ടുഗെതർ’: പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ; ജോലി പോയാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉമേഷ്

single-img
21 September 2020

സുഹൃത്തായ യുവതിക്ക് ഫ്ളാറ്റെടുത്ത് കൊടുത്തതിന് ‘ലിവിങ് ടുഗെതർ’ ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.ഡെപ്യൂട്ടി ഐ.ജി എ.വി ജോർജ് ആണ് സസ്പെന്ഷന് ഉത്തരവിട്ടത്. കോഴിക്കോട്ടെ സിവിൽ പൊലീസ് ഓഫീസറായ യു.ഉമേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു നടപടി. അതേസമയം ഡെപ്യൂട്ടി ഐ.ജി എ.വി ജോര്‍ജ്ജ് തന്നോട് മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്ന് ഉമേഷ് ആരോപിച്ചു.

31 വയസ്സുള്ള ഒരു സ്ത്രീയുടെ ഫ്ലാറ്റിൽ നിത്യ സന്ദർശനം നടത്തിവരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും പ്രഥമദൃഷ്ട്യാ ബോധ്യപെട്ടുവെന്നും സസ്പെൻഷൻ ഓർഡറിൽ പറയുന്നു. കൂടാതെ ക്ര്യത്യവിലോപവും അച്ചടക്ക ലംഘനവും നടത്തിയെന്നാണ് സസ്പെന്ഷന് കാരണമായി പറയുന്നത്. അതേസമയം ഉമേഷിനെ ന്യായികരിച്ചും സസ്പെൻഷനെ വിമർശിച്ചും നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിരിക്കുന്നത്.

2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെയെന്നാണ് തനിക്ക് കിട്ടിയ സസ്പെൻഷനെ വിമർശിച്ചു കൊണ്ട് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.

2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ
ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.

31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി “അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു” എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.

അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ.

ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.