സൈബര്‍ ആക്രമണം ശക്തം; ഇൻസ്റ്റഗ്രാമിലെ കമൻറ് സെക്ഷൻ ഡിസേബിൾ ചെയ്ത് ഭാമ

single-img
21 September 2020

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയില്‍ പിന്നീട് കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാകുന്നു. മൂന്ന് വര്‍ഷം മുന്‍പ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്ത് വന്നിരുന്നു.

പക്ഷെ അതിന് വിരുദ്ധമായാണ് ഭാമ കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴിമാറ്റിയത്. ഇത്തവണ കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ സോഷ്യല്‍ മീഡിയാ പോസ്റ്റ് ചർച്ചയാകുകയും ഭാമ അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഭാമക്കെതിരെ സെെബർ ആക്രമണം ശക്തമായതോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമൻറ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്യുകയായിരുന്നു.

ഇതോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റുകൾക്ക് താഴെ വന്ന ചില മോശം കമന്റുകൾ നടി ഡിലീറ്റ് ചെയ്യുകയും ചെയ്തു. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ നടന്‍ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.