കോവിഡ് ബാധിച്ചു ഭേദമായ 20 ശതമാനം പേരെ കാത്തിരിക്കുന്നത് `ലോങ് കോവിഡ്´

single-img
21 September 2020

കോവിഡ് വെെറസ് ബാധിച്ച് അതു നെഗറ്റീവായാലും 20 ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്നുവെന്ന പഠനങ്ങൾ പുറത്തുവിട്ട് ഗവേഷകർ.  രോഗലക്ഷണങ്ങൾ മൂന്നാഴ്ചമുതൽ ആറുമാസംവരെ നീണ്ടുനിൽക്കുമെന്നാണ് വെളിപ്പെടുത്തൽ. ആരോഗ്യമേഖലയിലുള്ളവർ ഇത്തരം സാഹചര്യത്തെ ‘ലോങ് കോവിഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടർമാരുടെ നിരീക്ഷണമാണ് പുറത്തു വന്നിട്ടുള്ളത്. കോവിഡിനുസമാനമായ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നതിനാലാണ് ലോങ് കോവിഡ് എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.  90 ശതമാനം പേർക്കും അതികഠിനമായ ക്ഷീണമാണ് ലക്ഷണമായി കാണുന്നത്. 

സ്ത്രീകളിലും പ്രായമായവരിലും മറ്റുരോഗങ്ങൾ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണുന്നത്. ലോങ് കോവിഡുള്ളവരിൽ ചിലദിവസങ്ങളിൽ പൂർണമായും ഭേദമായെന്നുതോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കഠിനമായ ക്ഷീണം വീണ്ടും ബാധിക്കും. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളിൽ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ.സുൽഫി പറയുന്നു. 

തലവേദന, ചുമ, നെഞ്ചിൽ ഭാരം, ഗന്ധം നഷ്ടപ്പെടൽ, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് ലോങ് കോവിഡിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. ഇവർക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാമെന്നും ഡോ. സുൾഫി ചൂണ്ടിക്കാട്ടുന്നു.  ഇത്തരക്കാർക്കും ഭാവിയിൽ ലോങ് കോവിഡ് ഉണ്ടായേക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 

അതുകൊണ്ടുതന്നെ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരികപ്രശ്നങ്ങളെക്കുറിച്ച്‌ കണ്ടെത്താൻ തുടർപരിശോധനകളിലൂടെ, സാധിക്കുമെന്നും ഡോ.സുൽഫി ചൂണ്ടിക്കാട്ടുന്നു.