മുതലാളിക്ക് ഇനി തൊഴിലാളിയെ തോന്നുമ്പോൾ പിരിച്ചു വിടാം, ആരും ചോദിക്കാൻ വരില്ല: വ്യവസ്ഥകള്‍ പുതിയ തൊഴില്‍ കോഡില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

single-img
20 September 2020

തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള അവസരമൊരുങ്ങുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന വ്യവസ്ഥകള്‍ പുതിയ തൊഴില്‍ കോഡില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ സമരങ്ങള്‍ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുമാണ് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്ലില്‍ ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യം എന്നിവ സംബന്ധിച്ച ബില്ലുകളാണ് മറ്റ് രണ്ടെണ്ണം. 

300 പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളിയെ നിയമിക്കാനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് നിര്‍ദ്ദേശങ്ങളെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 

300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബാധകമാണ്. 60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തൊഴിലാളി സമരം ചെയ്യുന്നത് ഇതില്‍ വിലക്കുന്നു. തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ട്രിബ്യൂണലുകളിലൊ ദേശീയ വ്യവസായ ട്രിബ്യൂണലിലൊ ഉള്ള തര്‍ക്കങ്ങള്‍ തീര്‍പ്പാകാത്ത സമയത്തും നടപടികള്‍ അവസാനിച്ചതിന് ശേഷം 60 ദിവസത്തിന് ശേഷവും തര്‍ക്കത്തിന്റെ പേരില്‍ പണിമുടക്കിന് വിലക്കുണ്ടാകും. 

അതേസമയം തൊഴിലാളികള്‍ക്ക് മികച്ച സേവന വേതന വ്യവസ്ഥകള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.