മോദിയുടെ കാര്‍ഷിക ഭേദഗതി ബില്‍: ഒരു രാഷ്ട്രം, രണ്ട് വിപണി

single-img
20 September 2020

കെ സഹദേവന്‍

ഒരു രാഷ്ട്രം…. ഒരു നിയമം, ഒരു രാഷ്ട്രം… ഒരു കാർഡ്, ഒരു രാഷ്ട്രം… ഒരു തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം… ഒരു ഭാഷ, ഒരു രാഷ്ട്രം… ഒരു പെൻഷൻ, ഒരു രാഷ്ട്രം…ഒരു വിദ്യാഭ്യാസം. അധികാരത്തിലെത്തിയ കാലം തൊട്ട് സംഘപരിവാർ ഭരണകൂടം നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങളാണ്. ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളെയും ഇല്ലാതാക്കി കാവി നിറത്തിൽ മുക്കിയെടുക്കാനുള്ള പദ്ധതികളെല്ലാം അവർ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകൾക്ക് ഒന്നിനും ഇക്കാര്യത്തിൽ യാതൊരു വേവലാതിയുമില്ലായിരുന്നു.

എന്നാൽ കച്ചവടത്തിൽ തൊട്ടാൽ അവർക്ക് പൊള്ളുമെന്ന് മോദിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ തങ്ങളുടെ സ്പോൺസർമാരെ പിണക്കാൻ മാത്രം വിഡ്ഢിയല്ല മോദി. പുതിയ അ​ഗ്രിക്കൾച്ചർ ഓർഡിനൻസ് ബില്ലിൽ അക്കാര്യം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. അ​ഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിം​ഗ് കോപ്പറേറ്റീവ്സ് എന്ന സർക്കാർ നിയന്ത്രിത സംവിധാനങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് പുതിയ ‘വ്യാപാര മേഖലകൾ’ (trade areas) നിയന്ത്രണ രഹിതമാക്കി വൻകിട കോർപ്പറേറ്റുകൾക്കായി ഒരുക്കിയിരിക്കുകയാണ് പുതിയ ബില്ലിലൂടെ.

സർക്കാർ മണ്ഡികളിൽ (ചന്തകളിൽ) നികുതികൾ, സെസ്സുകൾ, ഫീസുകൾ, ലൈസൻസുകൾ തുടങ്ങിയ സകലമാന നിയന്ത്രണങ്ങളും ഉള്ളപ്പോൾ പുതിയ ‘വ്യാപാര മേഖലകളെ’ എല്ലാവിധ നിയന്ത്രണങ്ങളിൽ നിന്നും നികുതികളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഫലത്തിൽ ഇന്ത്യയിൽ സർക്കാർ അനുമതിയോടെ രണ്ട് വിപണികളായിരിക്കും പ്രവർത്തിക്കുക. അതേ, ഒരു രാഷ്ട്രം… രണ്ട് വിപണി.