ശബരിമലയിൽ ഒരു നിലപാട്, ഖുറാനിൽ ഒരു നിലപാട്: ഖുറാൻ്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്ന് കെ സുരേന്ദ്രൻ

single-img
20 September 2020

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ആവർത്തിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്. നാടിൻ്റെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കലാപം അഴിച്ച് വിടാനാണ് മുഖ്യമന്ത്രി ശ്രമം നടത്തുന്നത്. ഇപ്പോള്‍ വിശ്വാസികളുടെ കാര്യം പറയുന്ന മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഒരു കൂട്ടരുടെ മാത്രം മതവികാരമാണ് സിപിഎം കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

ഖുറാൻ്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് മിഷന്‍ കരാര്‍ സംബദ്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ച് പിടിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്ത് വിടാത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.