കൊവിഡ് മുക്തനായ ആഹ്ലാദം പ്രകടിപ്പിച്ചത് അമ്പലത്തില്‍ മാസ്‌കില്ലാതെ നൃത്തം ചെയ്ത്; വിവാദത്തില്‍ ഗുജറാത്ത് ബിജെപി എംഎല്‍എ

single-img
20 September 2020

മുന്‍പേതന്നെ വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ മധു ശ്രീവാസ്തവ് ഇപ്പോള്‍ വീണ്ടും വിവാദത്തില്‍. അദ്ദേഹം കൊവിഡ് നെഗറ്റീവായ ആഹ്ലാദത്തില്‍ അമ്പലത്തില്‍ ആളുകള്‍ക്കിടയില്‍ മാസ്‌കില്ലാതെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും നൃത്തം ചെയ്തതാണ് വിവാദ കാരണം. ഗുജറാത്തിലെ വഡോദരയിലുള്ള ഗജ്രവാഡി എന്ന അമ്പലത്തിനുള്ളില്‍ വെച്ചാണ് ബിജെപിയുടെ അനുയായികള്‍ക്കൊപ്പം അദ്ദേഹം നൃത്തം ചെയ്തത്.

ഈ നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നത്.അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ തന്റേതാണെന്നും 45 ദിവസമായി അമ്പലത്തില്‍ പോകാത്തതിനാലാണ് പോയതെന്നും ശ്രീവാസ്തവ മാധ്യമങ്ങളോട് പ്രതികരിച്ചു.

മാത്രമല്ല, താന്‍ ഒരു പ്രേട്ടോക്കോളും ലംഘിച്ചിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പ്രസ്തുത ക്ഷേത്രം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്ഷേത്രത്തിന്റെ ഉള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും ശ്രീവാസ്ത പറയുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.