ജീവിത സമ്പാദ്യം 10 ലക്ഷം രൂപ; തുക ചെലവാക്കി സ്വന്തം പ്രതിമ നിര്‍മ്മിച്ച് ആക്രി പെറുക്ക് തൊഴിലാളി

single-img
19 September 2020

ആകെയുള്ള ജീവിത സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് നമ്മുടെ രാജ്യത്ത് ഒരു ആക്രി പെറുക്ക് തൊഴിലാളി നിര്‍മ്മിച്ച സ്വന്തം പ്രതിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തമിഴ്നാട്ടിലെ സേലം ജില്ലയിലെ അത്തനൂര്‍പ്പട്ടി സ്വദേശിയായ നല്ലതമ്പി എന്നയാളാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്.

തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ആക്രി പെറുക്കി വിറ്റ് സമ്പാദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി അവിടെ അദ്ദേഹം പ്രതിമ സ്ഥാപിക്കുകയായിരുന്നു. സേലത്തെ ആനൈമേട് സ്വദേശിയായ നല്ലതമ്പി. കുടുംബവുമായുള്ള ചില തര്‍ക്കങ്ങളെ തുടര്‍ന്ന് 20 വര്‍ഷം മുമ്പ് വീട് ഉപേക്ഷിച്ച് അത്തനൂര്‍പ്പട്ടിയില്‍ എത്തി മേസ്തിരി പണിക്കാരനായി അല്‍പകാലം കഴിഞ്ഞു. അതിന് ശേഷമാണ് ആക്രി പെറുക്കിലേക്ക് തിരിയുന്നത്.

തുടക്കത്തിലെ മേസ്തിരി പണി ചെയ്തിരുന്നപ്പോള്‍ മുതല്‍ സമ്പാദിച്ച പണം ഉപയോഗിച്ച് വാഴപ്പാടി ബേലൂര്‍ ഗ്രമത്തില്‍ രണ്ട് സെന്റ് സ്ഥലം വാങ്ങിയിരുന്നു. അവിടെയാണ് ഇപ്പോള്‍ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്. ഇദ്ദേഹം തന്റെ പൂര്‍ണ്ണകായ പ്രതിമയാണ് ബേലൂരില്‍ നിന്ന തന്നെയുള്ള ഒരു ശില്‍പ്പിയെക്കൊണ്ട് പണികഴിപ്പിച്ചത്.

വേരുതെയോന്നുമല്ല, ഇതിനായി ശില്‍പ്പിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കുകയും ചെയ്തു. കഴിഞ്ഞ
ഞായറാഴ്ച നിര്‍മ്മാണം പൂര്‍ത്തിയായ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഈ കൌതുക വാര്‍ത്തയറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിക്കാന്‍ ഇപ്പോഴും വരുന്നുണ്ട്. അധികം വൈകാതെ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് പ്രതിമയുടെ ഉദ്ഘാടനം തികച്ചും ഔദ്യോഗികമായി നിര്‍വഹിക്കാനാണ് നല്ലതമ്പി ഇപ്പോള്‍ ആലോചിക്കുന്നത്.