രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര ചെയ്യാൻ ഇനി അധിക തുക നല്‍കണം: കേന്ദ്രസർക്കാർ റെയിൽവേ സ്വകാര്യവത്കരണത്തിലേക്ക് കൂടുതൽ അടുക്കുന്നു

single-img
19 September 2020

രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിൻ യാത്ര ചെയ്യണമെങ്കില്‍ ഇനി അധിക തുക നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്കിനൊപ്പം യൂസര്‍ ഫീ കൂടി ഈടാക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്. റെയില്‍വേ ബോര്‍ഡ് സിഇഒ വികെ യാദവാണ് ഈ തിുമാവനം വ്യക്തമാക്കിയത്. 

രാജ്യത്തെ 7,000 ത്തോളം സ്‌റ്റേഷനുകളില്‍ 10-15 ശതമാനം സ്‌റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്‌റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക. 

കേന്ദ്ര സര്‍ക്കാര്‍  ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് പ്രധാന സ്റ്റേഷനുകളിൽ നിന്നും അധികതുക ഈടാക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്വകാര്യവത്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുകയും ആ പണം സ്റ്റേഷന്‍ വികസനത്തിനായി ഉപയോഗിക്കുമെന്നുമാണ് സിഇഒ പറയുന്നത്. 

അതേസമയം നിരക്ക് വര്‍ധന യാത്രക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും  യാദവ് പറയുന്നു. ചെറിയ തുക മാത്രമായിരിക്കും യൂസര്‍ ഫീയായി ഈടാക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ചെറിയ തുകയാണെങ്കിലും അധിക തുക ഈടാക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

വിമാനത്താവളത്തിലെന്ന പോലെ സുഖകരമായ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യമെന്നും യാദവ് പറയുന്നു.