“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് ചോദിച്ചു: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്

single-img
19 September 2020

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. ദിലീപ് പ്രതിയായ ബലാത്സംഗക്കേസിൽ കൂറുമാറിയ സിദ്ദിഖിനെ വിമർശിച്ചുകൊണ്ടെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!

എന്നായിരുന്നു രേവതി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നതെന്നും രേവതി ചോദിച്ചു.

"ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ" എന്ന് എന്നോട് ചോദിക്കുകയും മോശമായി…

Posted by Revathy Sampath on Friday, September 18, 2020

സമൂഹമാധ്യമങ്ങളിൽ സ്ത്രീപക്ഷരാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിച്ച് ശ്രദ്ധനേടിയയാളാണ് രേവതി സമ്പത്ത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറിയ സാഹചര്യത്തിലാണ് രേവതി സിദ്ദിഖിനെതിരെ വിമർശനമുന്നയിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും പ്രത്യേക കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നായിരുന്നു ഇവര്‍ നേരത്തേ നല്‍കിയ മൊഴിയെന്നും വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഇത്തരമൊരു സംഭവമുണ്ടായതായി ഇവര്‍ സ്ഥിരീകരിക്കാന്‍ തയ്യാറായില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് സിദ്ദിഖ് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം നടത്തിയെന്ന് രേവതി കഴിഞ്ഞവർഷം ആരോപിച്ചിരുന്നു. സിദ്ദിഖും കെപിഎസി ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഇക്കാര്യം തുറന്നുപറഞ്ഞത്. അന്ന് സിദ്ദിഖ് പറഞ്ഞ വാചകങ്ങളാണ് രേവതി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിലെ ഒരു ഡിലീറ്റഡ് സീൻ ഷെയർ ചെയ്തുകൊണ്ടായിരുന്നു സിദ്ദിഖ് അന്ന് രേവതിയുടെ ആരോപണത്തോട് പ്രതികരിച്ചത്‌. മീ ടൂവിനെ കളിയാക്കി കൊണ്ടുള്ള ആ പ്രതികരണത്തിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.