ജോലിക്കു പോകുന്നില്ലേ? ഇല്ല… എനിക്കു പണം ആവശ്യമില്ല: എൻഐഎ പിടികൂടിയ മുര്‍ഷിദ് ഹസ്സന്‍ പത്തു വര്‍ഷമായി കേരളത്തിൽ

single-img
19 September 2020

അല്‍ ഖ്വയ്ദയുടെ സജീവ പ്രവര്‍ത്തകരാണ് കൊച്ചിയിൽ നിന്നും പിടിയിലായവരെന്ന് റിപ്പോർട്ടുകൾ. കളമശേരി പാതാളത്തുനിന്നും പിടികൂടിയ മുര്‍ഷിദ് ഹസ്സന്‍ പത്തു വര്‍ഷത്തോളമായി പെരുമ്പാവൂരില്‍ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു വരികയായിരുന്നുവെന്നും അടുത്തകാലത്ത് ഒരു തുണിക്കടയില്‍ ജോലിക്കാരനായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.  ലോക്ഡൗണ്‍ സമയത്താണ് ഇയാള്‍ പാതാളത്തേക്ക് എത്തിയത്.

എൻഐഎ റെയ്ഡിനെക്കുറിച്ച് മറ്റു തൊഴിലാളികളും പ്രതികരിച്ചു. രാത്രി രണ്ടു മണിയോടെയാണ് തൊഴിലാളികളുടെ ക്യാംപില്‍ റെയ്ഡ് നടന്നതെന്ന് അവർ പറഞ്ഞു. മുര്‍ഷിദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തങ്ങള്‍ക്കും അറിയില്ലെന്നും ലോക്ഡൗണ്‍ സമയത്ത് പണം ഇല്ലാതെ വന്നതോടെ ഭക്ഷണം കഴിക്കാനാണ് മുര്‍ഷിദ് ക്യാംപില്‍ എത്തിയതെന്നും അവർ പറഞ്ഞു. പിന്നീട് കൂടെ താമസിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. 

വീടുമായി ബന്ധമൊന്നും മുര്‍ഷിദിനുണ്ടായിരുന്നില്ല. ഇവിടെത്തന്നെ പല ദിവസങ്ങളിലും ജോലിക്ക് പോകില്ല. ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്ക് പോയാല്‍ പിന്നെയുള്ള ദിവസങ്ങളില്‍ ക്യാംപില്‍ തന്നെ കഴിയും. ജോലിക്ക് പോകാത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പണം ആവശ്യമില്ലെന്നായിരുന്നു പറഞ്ഞിരുന്നതെന്നും തൊഴിലാളികൾ പറയുന്നു. 

എപ്പോഴും മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും ആയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇയാളില്‍ നിന്ന് മൊബൈലും ലാപ്‌ടോപ്പൂം എന്‍.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ക്യാംപില്‍ ഒപ്പം താമസിച്ചിരുന്നവരുടെ ആധാര്‍ കാര്‍ഡുകളും മൊബൈല്‍ ഫോണുകളും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവരോട് രാവിലെ കടവന്ത്രയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പെരുമ്പാവൂരില്‍ നിന്നാണ് ഇയാഖുബ് ബിശ്വാസ്, മൊസറഫ് ഹൊസ്സന്‍ എന്നിവരെ പിടികൂടിയത്. നിര്‍മ്മാണ തൊഴിലാളികളെന്ന വ്യാജേന ഇവര്‍ ലോക്ഡൗണിനിടെയാണ് പെരുമ്പാവൂരില്‍ എത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇവര്‍ മൂന്നു പേരും മുര്‍ഷിദാബാദില്‍ പിടിയിലായ ഭീകരരുമായി ബന്ധപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്. 

സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ പരിശോധിച്ചാണ് മൂന്നു പേരെയും എന്‍.ഐ.എ പിടികൂടിയത്. ഭീകരബന്ധമുള്ളവരുമായി സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.പാതാളത്ത് എസ്.ബി.ഐയ്ക്ക് തൊട്ടുമുന്നിലുള്ള വീട്ടിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. മുര്‍ഷിദ് ഇവിടെ വന്നത് രണ്ടര മാസം മുന്‍പാണ്. ആറു പേര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്‍.ഐ.എയുടെ റെയ്ഡില്‍ ഇയാളില്‍ നിന്ന് ജിഹാദി ലേഖനങ്ങള്‍ കണ്ടെത്തിട്ടുണ്ട്.

കേരളത്തില്‍ നിന്ന് പിടികൂടിയവരില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടിയവരില്‍ നിന്നാണ് മൂര്‍ച്ഛയുള്ള ആയുധങ്ങളും നാടന്‍ തോക്കുകയും സ്‌ഫോടനവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗരേഖകളും മറ്റും പിടിച്ചെടുത്തത്. ഡല്‍ഹിയിലെത്തി കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ച് സ്‌ഫോടനം നടത്തുന്നതിനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഡല്‍ഹിയടക്കം രാജ്യത്തിന്റെ പല സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. വലിയ ആള്‍നാശമുണ്ടാക്കുന്ന ആക്രമണങ്ങള്‍ക്കാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.