അല്‍ ഖ്വയ്ദ തീവ്രവാദികൾക്ക് കൊച്ചിയെ തകർക്കാനും ലക്‌ഷ്യം; നാല് നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതി

single-img
19 September 2020

ഇന്നു പിടിയിലായ അല്‍ഖ്വയിദ ഭീകരര്‍ കൊച്ചി ഉൾപ്പെടെ നാല് നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോർട്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ ലക്‌ഷ്യം. കൊച്ചിയിലെ നാവിക ആസ്ഥാനവും കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം. പാകിസ്താന്‍ അല്‍ഖ്വയ്ദയുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നു. പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ നാല് നഗരങ്ങളിലും ഒരേ സമയം ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഭീകരാക്രമണം നടത്തി സാധാരണക്കാരായ ആളുകളെ കൊല്ലാനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. ഡല്‍ഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാൽ കൊച്ചിയിലും ബെംഗളൂരുവിലും സൈനിക കേന്ദ്രങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം.

തീവ്രവാദ ആക്രമണങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ ധനസമാഹരണം നടത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. സ്‌ഫോടന പരമ്പര എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചും ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായി കരുതുന്നു. അടുത്ത ആഴ്ചയിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയവരില്‍ ചിലർ ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഒമ്പത് പേരും എന്‍ഐഎയുടെ പിടിയിലായത്.

കൊച്ചിയിൽ നിന്ന് മൂന്ന് പേരെയും പഞ്ചിമ ബംഗാളില്‍നിന്ന് ആറു പേരെയുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പിടിയിലായ ഒമ്പത് പേരും ബംഗാള്‍ സ്വദേശികളാണ്. തോക്കുകള്‍, വിവിധ രേഖകള്‍ എന്നിവയും തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.