കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് പ്രകടനപത്രികയെ ആശ്രയിക്കാമായിരുന്നു: പി ചിദംബരം

single-img
19 September 2020

രാജ്യത്തെ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയെ ആശ്രയിക്കാമായിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചിദംബരവും വിമര്‍ശനവുമായി എത്തിയത്.

പ്രധാനമന്ത്രി മോദിയും ബിജെപി വക്താക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനപത്രികയെ മനഃപൂര്‍വ്വം, വിദ്വേഷബുദ്ധിയോടെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും കീഴടങ്ങിയതായും ചിദംബരം കൂട്ടിച്ചേര്‍ത്തു.നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് വ്യത്യസ്തമായതും വേഗത്തില്‍ പ്രയോജനം ലഭിക്കുന്നതുമായ വിപണികള്‍ ആവശ്യമാണെന്നും ഇത് സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് നല്‍കുമായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

നഷ്ടം ഉണ്ടാവാതിരിക്കാന്‍ കര്‍ഷകര്‍ക്ക് സ്വതന്ത്രമായി വ്യാപാരം നടത്താന്‍ ഉള്ള അവസരവും ഉള്‍പ്പെടെ എല്ലാ വിധത്തിലുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.