കാണാന്‍ കൌതുകം; പക്ഷെ ഉഗ്രവിഷമുള്ള അപകടകാരി; ഇത് ബ്ലൂ പിറ്റ് വൈപ്പർ അഥവാ ‘നീല പാമ്പ്‌’

single-img
19 September 2020

ഈ വീഡിയോയില്‍ കാണുന്ന ചുവപ്പു നിറത്തിലുള്ള റോസാപ്പൂവിന് മുകളിൽ കയറി ഇരിക്കുന്ന പാമ്പ്‌ കാഴ്ചയില്‍ ഒരു ഇത്തിരിക്കുഞ്ഞനാണ്. പേര് ബ്ലൂ പിറ്റ് വൈപ്പർ. വളരെ ഭംഗിയാണ് ഈ പാമ്പിനെ കാണാൻ എന്നായിരിക്കും നിങ്ങളുടെയും അഭിപ്രായം.

എന്നാല്‍ ഇതും കരുതി ഈ പാമ്പിനെ ഒന്ന് കയ്യിലെടുത്താലോ എന്ന് ചിന്തിച്ചാല്‍ അതിലും അപകടകരമായി മറ്റൊന്നുമില്ല എന്ന് പറയേണ്ടിവരും. കാരണം ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള ഇനത്തിൽപെട്ട ഒരു പാമ്പാണ് ബ്ലൂ പിറ്റ് വൈപ്പർ. ഇവന്റെ കടി കിട്ടിയാൽ ആന്തരീക രക്തസ്രാവമുണ്ടായി ഒരാൾമരണപ്പെടാന്‍ വളരെ കുറച്ചു സമയം മാത്രം മതി.

സോഷ്യല്‍ മീഡിയയില്‍ ലൈഫ് ഓൺ എർത്ത് എന്ന് പേരുള്ള ഒരു ട്വിറ്റർ പേജിലാണ് ബ്ലൂ പിറ്റ് വൈപ്പറിന്റെ വെറും 12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ്ചെയ്യപ്പെട്ടത്. ഈ വീഡിയോ ഇതിനകം 70,000 പേരിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

റഷ്യയിലെ മോസ്കോയിലുള്ള മൃഗശാലയുടെ റിപ്പോർട്ട് പ്രകാരം വൈറ്റ് ലിപ്ഡ് ഐലന്റ് പിറ്റ് വൈപ്പർ ഇനത്തിൽ പെട്ട ഒരു പാമ്പാണ് ഇതില്‍ കാണുന്നത്.സാധാരണയായി ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും കാണപ്പെടുന്ന വിഷമുള്ള പിറ്റ് വൈപ്പറിന്റെ ഉപജാതിയാണ് ഇവ. അപൂര്‍വമായി അല്ലാതെ, സാധാരണ ഗതിയില്‍ വെളുത്ത നിറത്തിലാണ് ഈ പിറ്റ് വൈപ്പറുകൾ കാണപ്പെടുക.

എന്നാല്‍ ചിലപ്പോള്‍ പച്ച, നീല ഇനങ്ങൾ വരെ ഉണ്ടാകാറുണ്ട്. അതേസമയം നീല നിറമുള്ള രണ്ട് പാമ്പുകൾക്ക് പച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയും എന്ന പ്രത്യേകതയും ഉണ്ട്. ജനിച്ച ഉടന്‍തന്നെ സ്വയം പ്രതിരോധിക്കാൻ പ്രാപ്തിയുള്ള കുട്ടികൾക്കാണ് ഇവ ജന്മം നല്‌കുക എന്നതും ഇവയുടെ പ്രത്യേകതയാണ്.