‘ഹിന്ദുത്വ മാതൃഭൂമി’ ബഹിഷ്കരിക്കണമെന്ന തുടരാഹ്വാനവുമായി കവി അൻവർ അലി

single-img
19 September 2020

മാതൃഭൂമി ബഹിഷ്ക്കണമെന്ന ആഹ്വാനവുമായി കൂടുതൽ പേർ രംഗത്ത്. ‘ഹിന്ദുത്വ മാതൃഭൂമി’ എഴുത്തുകാർ ബഹിഷ്കരിക്കണമെന്ന തുടരാഹ്വാനം കവി അൻവർ അലിയും നൽകി. 2019 ഒക്ടോബർ 7 ന് ഫെയ്സ് ബുക്കിലിട്ട കുറിപ്പ് വീണ്ടും നൽകിയാണ് മാതൃഭൂമി പ്രസിദ്ധീകരണം ബഹിഷ്കരിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ദിവസത്തെ ഹിന്ദുത്വ മാതൃഭൂമി കണ്ടപ്പോഴാണ് ബഹിഷ്കരിക്കാനുള്ള തുടരാഹ്വാനം നൽകണമെന്ന് തോന്നിയതെന്ന് അൻവർ അലി വ്യക്തമാക്കുന്നു. ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോൾ നരേന്ദ്രമോദിയാണ്. എങ്കിൽ സവർക്കറും ഗോദ്‌സേയും ആ പത്രത്തിന് ഇനി മുതൽ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം എന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

ഹിന്ദുത്വ വർഗീയത വിരിച്ച കോർപ്പറേറ്റ് വലയിൽ നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചു പുറത്തുവരുന്നതായി ബോധ്യപ്പെട്ടാൽ മാത്രമേ കൃതികൾ പ്രസിദ്ധീകരണത്തിന് അയക്കുകയുള്ളൂ എന്നാണ് കവിയുടെ നിലപാട്. സംഘപരിവാരങ്ങളെ വെള്ളപൂശൽ ഇന്ത്യൻ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അർബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വവർഗ്ഗീയതയ്ക്ക് കൂട്ട് നിൽക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എഴുത്തുകാരരിൽ ഒരാളായി തുടരാനാവില്ല എന്ന് കഴിഞ്ഞ വർഷം മീശ നോവൽ വിവാദ വേളയിൽ അൻവർ അലി പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ജനിച്ച പത്രവും അതിന്റെ ചുക്കാൻ പിടിക്കുന്നവരും എത്തിപ്പെട്ട പതനം ആ പത്രത്തിന്റെ (മാതൃഭൂമിയുടെ) ജീർണത എത്ര ആഴമേറിയതാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതിനേക്കാൾ നല്ലത് ജന്മഭൂമി വായിക്കുകയും ജനം ടിവി കാണുകയുമല്ലേ എന്ന് നക്സൽ പ്രസ്ഥാനത്തിന്റെ മുൻ‌കാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമായ കെ അജിത വിമർശിച്ചിരുന്നു. കുട്ടിക്കാലം മുതൽ വായിച്ചും വസ്തുനിഷ്ഠമായ വാർത്തകൾക്ക് വിശ്വസിച്ചും ആശ്രയിച്ചും വന്നിട്ടുള്ള ജീവിതത്തിന്റെ ഒരു ഭാഗമായ മാതൃഭൂമി ബഹിഷ്ക്കരിക്കുകയാണെന്ന് കെ അജിതയും പ്രഖാപിച്ചിട്ടുണ്ട്.