കുമാർ എന്ന 34കാരൻ: തൻ്റെ പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കൊലപ്പെടുത്തിയ യഥാർത്ഥ പുലിമുരുകൻ

single-img
18 September 2020

കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ സെപ്തംബർ എട്ടിന് നാലു വയസുള്ള പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. പുലിയുടെ മരണവുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഒന്നര വർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥയാണ്. 

യഥാർത്ഥ `പുലിമുരുക´ൻ്റെ പ്രതികാര കഥയാണ് ഇതിലൂടെ വ്യക്തമായത്. തൻ്റെ പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ ഒന്നര വർഷം കാത്തിരുന്ന് കെണിവെച്ച് വീഴ്ത്തുകയായിരുന്നു മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ‍ഡിവിഷനിലെ എ കുമാർ(34) എന്ന യുവാവ്. പക്ഷേ മൂന്നാറിലെ പുലുമുരുകൻ ഇപ്പോൾ വനംവകുപ്പിൻ്റെ കസ്റ്റഡിയിലാണ്. പുലിയെ കൊന്ന കുറ്റത്തിന്. 

ജീവനോടെ കെണിയിൽ പെട്ട പുലിയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു കുമാർ. വനപാലകരോട് അയൽവാസികൾ കുമാറിൻ്റെ പ്രതികാരത്തിൻ്റെ കഥ പറഞ്ഞതോടെയാണ് പുലി കൊല്ലപ്പെട്ടതിൻ്റെയും പുലിമുരുകൻ ലക്ഷ്യം നേടിയതിൻ്റെയും കഥ ചുരുളഴിഞ്ഞത്. 

പശുവിനെ കൊണ്ട് ഉപജീവന മാർഗ്ഗം കഴിച്ചിരുന്ന വ്യക്തിയാണ് കുമാർ. കുമാറിൻ്റെ ഏക വരുമാനമാർഗ്ഗം കൂടിയായിരുന്നു ഓമനിച്ചു വളർത്തിയിരുന്ന പശു. പറമ്പിൽ മേയാൻ വിട്ട സമയത്താണ് പശുവിനെ പുലി വകവരുത്തുകയായിരുന്നു. സങ്കടം പ്രതികാരത്തിലേക്കു വഴിമാറിയ കുമാർ ഒന്നര വർഷം മുൻപാണ് കെണിവെച്ച് കാത്തിരിക്കാൻ തുടങ്ങിയത്. അവിചാരിതമായി കഴിഞ്ഞ ദിവസം പുലി കെണിയിൽ വീണു. കത്തികൊണ്ട് കുത്തിയും വെട്ടിയും പുലിയുടെ കഥകഴിക്കുകയും ചെയ്തു. 

മറ്റാരും കാണാതെ മിക്ക ദിവസങ്ങളിലും കെണിയുടെ അടുത്തു പോയി പരിശോധിക്കുമായിരുന്നു എന്നാണ് കുമാർ വനപാലകരുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.