ബലാത്സംഗം ചെയ്യുന്നവരെ ഷണ്ഡീകരിക്കും, ഇരകൾ കുട്ടികളാണെങ്കിൽ പ്രതികൾക്ക് വധശിക്ഷ: നിയമം പാസാക്കി ആഫ്രിക്കൻ രാജ്യം

single-img
18 September 2020

ബലാത്സംഗ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന പുരുഷന്മാർക്ക് കടുത്ത ശിക്ഷയുമായി ആഫ്രിക്കൻ രാജ്യമായ നെെജീരിയ. നൈജീരിയയിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ കടുനയിയലാണ് ബലാത്സംഗ കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രതികളെ ഷണ്ഡീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിയമവും അവർ പാസാക്കി. 

ഗവര്‍ണര്‍ നാസിര്‍ അഹമദ് അല്‍ റുഫയ് നിയമത്തില്‍ ഒപ്പുവച്ചു. ബാത്സംഗ പ്രതികളെ ശസ്ത്രക്രിയയിലൂടെ ഷണ്ഡീകരിക്കാനാണ് നിയമം അനുശാസിക്കുന്നത്. പുതിയ നിയമപ്രകാരം 14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷയും ലഭിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കടുത്ത ശിക്ഷ ആവശ്യമാണെന്ന് ഗവർണർ പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. നൈജീരിയയില്‍ ബലാത്സംഗങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്  കോവിഡ് ലോക്ഡൗണ്‍ കാലത്ത്വര്‍ധിച്ചിരുന്നു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും വധ ശിക്ഷനല്‍കണമെന്നും ആവശ്യപ്പെട്ട് സ്ത്രീ അവകാശ സംരക്ഷണ സംഘടനകളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. 

14 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ബലാത്സംഗം ചെയ്ത കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവ് ഭേദഗതി ചെയ്ത പുതിയ നിയമം പ്രകാരം ശിക്ഷയായി ലഭിക്കും. മുന്‍ നിയമം പ്രകാരം ഇത് പരമാവധി 21 വര്‍ഷം തടവും കുട്ടികളെ ബലാത്സംഗം ചെയ്താല്‍ ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. 14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത വനിതാ കുറ്റവാളികളുടെ ഫലോപിയന്‍ ട്യൂബ് നീക്കം ചെയ്യുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.