പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: രാഹുല്‍ ഗാന്ധി

single-img
18 September 2020

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് കൈവശം ഇല്ല എന്ന കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ സഹമന്ത്രി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രംഗത്തെത്തി.

രാജ്യത്തിന്റെ മുന്നണിപോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തലെന്ന് രാഹുൽ ട്വിറ്ററില്‍ എഴുതി. “പ്രതികൂലമായ ഡാറ്റ രഹിത സർക്കാർ. പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും ബഹുമാനവും. എന്തിനാണ് മോദി സർക്കാർ കോവിഡ് പോരാളികളെ ഈ രീതിയില്‍ അപമാനിക്കുന്നത് ?“, രാഹുൽ ​ട്വീറ്റില്‍ ചോദിക്കുന്നു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിക്കുകയോ അതേത്തുടര്‍ന്ന് മരിക്കുകയോ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയാണ് രാജ്യസഭയെ അറിയിച്ചത്. അതേപോലെ തന്നെ, ആരോഗ്യം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.