മതഗ്രന്ഥം ഇറക്കി വിതരണം ചെയ്ത സംഭവം: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

single-img
18 September 2020

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനലില്‍ ചട്ടം ലംഘിച്ച് വിദേശത്തുനിന്ന് മതഗ്രന്ഥം ഇറക്കി വിതരണം ചെയ്ത സംഭവത്തിലാണ്  കസ്റ്റംസ് കേസെടുത്തത്. ജലീലിനെ കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ. 

വിദേശത്തുനിന്ന് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിതരണം ചെയ്തതിനാണ് നടപടി. കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കേസ്. എന്നാല്‍ കോണ്‍സുലേറ്റ് ജനറലിനെയോ അറ്റാഷെയേയോ പ്രതിയാക്കിയിട്ടില്ല. ഇതാദ്യമായാണ് കോണ്‍സുലേറ്റിനെതിരെ കേരളത്തിൽ കേസെടുക്കുന്നത്.

മതഗ്രന്ഥം ഇറക്കുമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറും എന്‍.ഐ.എയേയും ജലീലിനെ ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥം കൈപ്പറ്റുന്ന വിവരം എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചില്ല? വിതരണം ചെയ്യുന്നതിന് മുന്‍പ് എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അനുമതി തേടിയില്ല? തുടങ്ങിയ ചോദ്യങ്ങളോട് ജലീല്‍ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന മറുപടിയാണ് ജലീല്‍ നല്‍കിയതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് കൊണ്ടുവന്ന ഖുര്‍ആന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിതരണം ചെയ്തതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് വ്യക്തമായിരുന്നു.