ചൈനയിലെ മരുന്ന് നിര്‍മ്മാണ ഫാക്ടറിയില്‍ ബാക്ടീരിയ ചോര്‍ച്ച; മൃഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗബാധ

single-img
18 September 2020

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മരുന്നു നിര്‍മാണ ഫാക്ടറിയിലുണ്ടായ ബാക്ടീരിയ ചോര്‍ച്ച മൂലം ആയിരക്കണക്കിന് ആളുകള്‍ക്ക് മൃഉഗങ്ങളില്‍ നിന്നും പടരുന്ന രോഗബാധയുണ്ടായതായി വെളിപ്പെടുത്തൽ. 2019ല്‍ വടക്കു കിഴക്കൻ ചൈനയില്‍ ഒരു ഫാക്ടറിയിലുണ്ടായ ചോര്‍ച്ചയാണ് ഇത്രയും വലിയ പ്രതിസന്ധിയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്ന് ഗാൻസു പ്രവിശ്യയിലെ ഹെൽത്ത് കമ്മീഷനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വളര്‍ത്തു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ബ്രൂസിലോസിസ് എന്ന രോഗമാണ് 3245 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് നിലവില്‍പുറത്തു വരുന്ന വാര്‍ത്തകള്‍. പ്രധാനമായും കന്നുകാലികളെ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കാണ് ഈ രോഗം വരുന്നതെന്നാണ് അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019 ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഴോങ്മു ലാൻസൂ എന്ന് പേരുള്ള ബയോളജിക്കൽ ഫാര്‍മസ്യൂട്ടിക്കൽ ഫാക്ടറിയിൽ നിന്നാണ് അപകടകരമായ ബാക്ടീരിയ ചോര്‍ച്ച ഉണ്ടായതെന്നാണ് ഹെൽത്ത് കമ്മീഷൻ പറയുന്നത്. പുതുതായി 11401 പേര്‍ക്കു കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും രോഗം ബാധിച്ച് മരണപ്പെട്ടതായി അറിവില്ലെന്നും അവര്‍ വ്യക്തമാക്കി. ഏകദേശം 29 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ഇതുവരെ 21847 പേരിൽ പരിശോധന നടത്തിയതായും ഹെൽത്ത് കമ്മീഷൻ അറിയിച്ചു.