`വലിച്ചിഴയ്ക്കാതെ പേരുകൾ വെളിപ്പെടുത്തൂ, ഏറ്റവും കൂടുതൽ മയക്കുമരുന്ന് കച്ചവടം നടക്കുന്ന നിങ്ങളുടെ നാട്ടിൽ നിന്നും പോരാട്ടം ആംഭിക്കാം´: കങ്കണയോട് ഊർമ്മിള

single-img
17 September 2020

ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ കങ്കണ പുറത്തു പറയണമെന്ന് ഊർമ്മിള മണ്ഡോദ്കർ. പേരുകൾ വെളിപ്പെടുത്തി സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്നും ഊർമ്മിള പറഞ്ഞു. കങ്കണയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആ പേരുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഊര്‍മ്മിള പറഞ്ഞു.

ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യാ ടുഡെ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഊര്‍മ്മിള. താനൊരു ഇരയാണ് എന്ന തുറുപ്പുചീട്ട് ആവര്‍ത്തിച്ചിറക്കിയും കൂടുതല്‍  ആരോപണങ്ങളുയര്‍ത്തിയും കാര്യങ്ങള്‍ വലിച്ചിഴയ്ക്കാതെ എല്ലാം വെളിപ്പെടുത്താനുള്ള തീരുമാനമെടുത്ത് വിഷയം അവസാനിപ്പിക്കമെന്നും കങ്കണയോട് ഊര്‍മ്മിള ആവശ്യപ്പെട്ടു. 

‘ആരൊക്കെയാണത്? ധൈര്യപൂര്‍വം മുന്നോട്ടു വന്ന് ആ പേരുകള്‍ കങ്കണ വെളിപ്പെടുത്തൂ, അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ വലിയ ഉപകാരമായിരിക്കും. എല്ലാവരും അറിയട്ടെ. ആ പ്രവൃത്തിയെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കും’. ഊര്‍മ്മിള പറഞ്ഞു. 

ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊര്‍മ്മിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

ഇന്ത്യയിലെ മയക്കുമരുന്നുവ്യാപാരം വിപുലവും നിര്‍ഭാഗ്യവശാല്‍ മയക്കുമരുന്ന് സുലഭവുമാണ്. പക്ഷെ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്‌റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതവര്‍ണനയാണ്. മഹാത്മ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാമേഖലയോട് കഴിഞ്ഞ കൊല്ലം ആവശ്യപ്പെട്ടിരുന്നു. ഊര്‍മ്മിള തുടര്‍ന്നു. മയക്കുമരുന്ന് ഉപഭോക്താക്കളായ ഒരു സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിനായി പ്രധാനമന്ത്രി ആവശ്യപ്പെടുമെന്ന് കരുതുന്നുണ്ടോഎന്നും ഊര്‍മ്മിള ചോദിച്ചു.

‘ഇന്നുള്ള പേരും പ്രശസ്തിയും പണവുമെല്ലാം നല്‍കിയ മുംബൈ നഗരത്തിനും സിനിമാ വ്യവസായത്തിനും നന്ദി പറയുകയാണ് കങ്കണ ചെയ്യേണ്ടത്. ഇത്രയും കൊല്ലങ്ങള്‍  മൗനം പാലിച്ചിട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് കാണുമ്പോള്‍ സമനില തെറ്റിയ അവസ്ഥയാണോയെന്ന് സംശയം തോന്നുന്നു.’ കങ്കണയുടെ പാക് അധിനിവേശ കശ്മീരിനോടുള്ള മുംബൈയുടെ താരതമ്യത്തെ കുറിച്ച് ഊര്‍മ്മിള പ്രതികരിച്ചു.