‘കോവിഡാണ് ഞാൻ മരിക്കുവാൻ പോകുവാ…’ഭാര്യയോട് നുണ പറഞ്ഞ് ഒളിവിൽ കാമുകിയ്‌ക്കൊപ്പം ജീവിച്ചയാൾ പോലീസ് പിടിയിൽ

single-img
17 September 2020

കോവിഡ്-19 സ്ഥിരീകരിച്ചതായി ഭാര്യയോട് നുണ പറഞ്ഞ് ഒളിവിൽ കാമുകിയ്‌ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് പിടികൂടി. ‘കോവിഡാണ് ഞാൻ മരിക്കുവാൻ പോകുവാ…’എന്ന് ഭാര്യയോട് ഫോണില്‍ പറഞ്ഞ ശേഷം ഇയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തിരുന്നു. കാണാതായതിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. എന്നാൽ ഒളിവിൽ കാമുകിയ്‌ക്കൊപ്പം ജീവിക്കുകയായിരുന്ന ഇയാളെ രണ്ട് മാസത്തിന് ശേഷം പോലീസ് പൊക്കി.

നവി മുംബൈയില്‍ നിന്ന് ജൂലായ് 21 ന് കാണാതായ ഇരുപത്തെട്ടുകാരനെയാണ് കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നിന്ന് പോലീസ് പിടികൂടിയത്. നവി മുംബൈയിലെ തലോജയിലാണ് ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം യുവാവ് താമസിച്ചിരുന്നത്. തനിക്ക് കോവിഡാണെന്നും രോഗബാധയില്‍ നിരാശനായതിനെ തുടര്‍ന്ന് താന്‍ മരിക്കാന്‍ പോവുകയാണെന്നും ഇയാൾ നുണ പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും മറ്റു കോവിഡ് കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തില്‍ ആ വഴിയ്ക്കും അന്വേഷണം നടത്തി. എന്നാൽ കഴിഞ്ഞയാഴ്ച ലഭിച്ച വിവരമനുസരിച്ച് ഇന്‍ഡോറിലെത്തിയ പോലീസ് മറ്റൊരു യുവതിയുമൊത്ത് താമസിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു.