വലിയ ഒരു ഭാരം മനസില്‍ നിന്നും ഇറക്കിവെച്ചു; എന്‍ഐഎ ചോദ്യം ചെയ്തതിൽ സന്തോഷവാനാണെന്ന് കെ ടി ജലീൽ

single-img
17 September 2020

സംസ്ഥാനത്ത് നടന്ന വിവാദമായ സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ചോദ്യം ചെയ്തതിൽ താൻ സന്തോഷവാനാണെന്ന് മന്ത്രി കെ ടി ജലീൽ. ഇതിനോടകം പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

താന്‍ നല്‍കിയ മറുപടികളിൽ അന്വേഷണ സംഘം തൃപ്തരാണെന്നാണ് കരുതുന്നത്. വലിയ ഒരു ഭാരം മനസ്സില്‍ നിന്നും ഇറക്കിവച്ചുവെന്നും ജലീൽ പറഞ്ഞു. ഇന്ന് വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് ഫോണിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായി ആറു മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് വൈകിട്ട് അഞ്ചുമണിയോടെ ജലീൽ കൊച്ചിയില്‍ നിന്നും മടങ്ങിയത്.

ഇന്ന് രാവിലെ മന്ത്രിയോട് ചോദ്യം ചെയ്യാൻ എൻഐഎ സംഘം ആവശ്യപ്പെട്ടപ്പോൾ അർദ്ധരാത്രിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് ജലീൽ ആദ്യം അറിയിച്ചിരുന്നത്. അതിന് ശേഷംഓൺലൈനായി ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതയും മന്ത്രി തേടുകയുണ്ടായി. ഇവ രണ്ടും നിഷേധിക്കപ്പെട്ടതോടെയാണ് ഇന്ന് പുലർച്ചെ തന്നെ ജലീൽ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിയത്.