ഇസ്രായേൽ `ആഘോഷം´ തുടങ്ങി: ബഹ്റെെൻ- യുഎഇ സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെ പലസ്തീനിലേക്ക് ഇസ്രായേൽ വക ബോംബാക്രമണം

single-img
17 September 2020

അമേരിക്കയിൽ വച്ച് യുഎഇ- ബഹ്‌റൈനുമായി സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെ ഗാസയിൽ ബോംബാക്രമണം നടത്തി ഇസ്രായേൽ. ഗാസ മുനമ്പിലേക്ക്  ഇസ്രയേൽ സൈന്യം നിരവധി വ്യോമാക്രമണങ്ങൾ നടത്തിയെന്നു അൽ-ജസീറ റിപ്പോർട്ടു ചെയ്യുന്നു. 

ഇസ്രായേലി യുദ്ധവിമാനങ്ങൾ വടക്കൻ സ്ട്രിപ്പിലെ ബീറ്റ് ലാഹിയയിലെ ഒരു പ്രദേശത്തിനു നേരേ മിസൈലുകൾ പ്രയോഗിച്ചതായി പലസ്തീൻ ഔദ്യോഗിക വാർത്ത ഏജൻസിയായ വാഫ വ്യക്തമാക്കിയതായി അൽ-ജസീറ പറയുന്നു. മധ്യ ഗാസയിലെ നഗരമായ ഡീർ അൽ ബാലയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിൻ്റെ ചില ഭാഗങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. അതേസമയം ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സമാധാന കരാർ ഒപ്പിടുന്നതിനു മുമ്പ് പലസ്തീനിൽ നിന്നും ബുധനാഴ്ച രാവിലെയോടെ ഇസ്രായേലിലേക്ക് 15 റോക്കറ്റുകൾ പതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ  രണ്ട് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ  സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തുടർച്ചയായ ആക്രമണങ്ങൾക്കു പിന്നാലെ ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പു നൽകിയിരുന്നു. നമ്മുടെ ആളുകൾക്കോ പ്രദേശങ്ങൾക്കോ നേരേയുണ്ടാകുന്ന ഏത് ആക്രമണത്തിനും കനത്ത വില നൽകേണ്ടിവരുമെന്നാണ് ഹമാസ് മുന്നറിയിപ്പ് നൽകിയത്. 

“ഇസ്രായേൽ അധിനിവേശംആക്രമണം തുടരുന്നിടത്തോളം ഞങ്ങളുടെ പ്രതികരണം ഉണ്ടായിക്കൊണ്ടിരിക്കും,”- ഹമാസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇസ്രായേലിലേക്ക് റോക്കറ്റുകൾ പതിച്ചത്. ഇതിനു മറുപടിയായാണ് ഹമാസിന്റെ സ്ഥാനങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം നടന്നത്. പത്തു വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈന്യം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.