യുപിയിലെ തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ത്ഥാടനം; പദ്ധതിയുമായി യോഗി സര്‍ക്കാര്‍

single-img
17 September 2020

യുപി സംസ്ഥാനത്തെ വിവിധ ഫാക്ടറികള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക്‌ സൗജന്യമായുള്ള തീര്‍ത്ഥാടന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. ഈ പദ്ധതിയില്‍ നിന്നും സംസ്ഥാനത്തെ ഒന്നരക്കോടി തൊഴിലാളികള്‍ക്കാണ് ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തല്‍.

ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ ആചാര്യനും ബിഎംഎസ് സ്ഥാപകനുമായ ദന്തോപാന്ത് ഠേംഹ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് പദ്ധതി ഔദ്യോഗികമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിയിലെ 20500 ഫാക്ടറികളിലും ആറര ലക്ഷത്തോളം വരുന്ന വിശാലമായ മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ പേരിലായിരിക്കും ഈ പദ്ധതിയെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക് മാനസികമായ ആനന്ദം കണ്ടെത്തുന്നതിനും രാജ്യത്തിന്റെ വിത്യസ്തമായ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം അറിയാനുമാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും അധികൃതര്‍ അറിയിപ്പില്‍ പറയുന്നു.പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് സൗജന്യ താമസവും യാത്രയും സര്‍ക്കാര്‍ ചെലവില്‍ തന്നെയായിരിക്കും.

ഇതോടൊപ്പം തന്നെ തൊഴിലാളികളുടെ മക്കള്‍ക്ക് കായികവും വിനോദവും ഒരുക്കുന്നതിനും പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിക്കും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിര്‍ദ്ദേശിച്ച പ്രകാരമാണ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്..