സാമൂഹിക അകലം പാലിക്കാതെ സമരം; ഷാഫി പറമ്പിലിനും ശബരീനാഥിനുമെതിരെ കേസെടുത്തു

single-img
17 September 2020

ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളില്‍ 385 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ 1131 പേര്‍ അറസ്റ്റിലായി.

മാസ്ക് ധരിക്കാതേയും പുറത്ത് സാമൂഹിക അകലം പാലിക്കാതേയുമാണ് സമരങ്ങൾ നടക്കുന്നത്. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് 1629 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥ് എന്നീ എഎൽഎമാർക്കെതിരേയും കേസെടുത്തു.
സംസ്ഥാന വ്യാപകമായി നടന്ന സമരങ്ങളില്‍ കോൺ​ഗ്രസ്, ബിജെപി, മുസ്ലീംലീ​ഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോ‍ർച്ച, എംഎസ്എഫ്, കെഎസ്‍യു എബിവിപി, മഹിളാ മോർച്ച എന്നീ സംഘടനകളുടെ പ്രവർത്തകർക്കെതിരെ എല്ലാ ജില്ലകളിലും കേസ് എടുക്കുകയുണ്ടായി.

കരുതലും ജാ​ഗ്രതയും പാലിക്കാതെയാണ് സമരങ്ങൾ നടക്കുന്നത്. ബോധപൂർവ്വം തന്നെ സംഘ‍ർഷം സൃഷ്ടിക്കുകയാണ്. ആളുകള്‍ കൂടി വലിയ കൂട്ടമായി തള്ളിക്കേറുന്നതും സംഘർഷങ്ങൾ സൃഷ്ടിക്കുന്നതും നാം കാണുകയാണ്. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയുള്ള ഏത് പ്രവർത്തനവും നമ്മുടെ സമൂഹത്തിൽ നടത്താൻ പാടില്ല. അത് എല്ലാവരും ഉൾക്കൊള്ളണം. ഇതോടൊപ്പം അക്രമസമരം പൂർണമായും ഒഴിവാക്കണംമെന്നും നിലവിലെ സാഹചര്യത്തില്‍ ഇതെല്ലാം നാടിനോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.