അറബ് ചരിത്രം മാറുമോ? യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവച്ചു

single-img
16 September 2020

അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്‌റൈനും ദീർഘകാലത്തെ വൈരം മാറ്റിവെച്ച് ഇസ്രയേലുമായി സമാധാന കരാർ ഒപ്പു വച്ചു. ഡൊണാൾഡ് ട്രംപിൻ്റെ അധ്യക്ഷതയിൽ യു.എസ്. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ വച്ചായിരുന്നു ചരിത്രപരമായ ചടങ്ങ്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികൾ ചടങ്ങിൽ സാക്ഷിയായി.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിൻ സയിദ് അൽനഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയ്യിദ് അലി നഹ്യാനും ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൾലത്തീഫ് ബിൻ റാഷിദ് അൽസയാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചൊവ്വാഴ്ച ഉടമ്പടിയിൽ ഒപ്പുവെച്ചു.

യുഎഇയ്ക്കും ബഹ്റെെനും പിന്നാലെ ഒമാൻ അടക്കമുള്ള രാജ്യങ്ങൾ ഇതേ പാത പിന്തുടരുമെന്ന് വാർത്തകളുമുണ്ട്. ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ്രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. ബഹ്റൈൻ-ഇസ്രയേൽ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു.

കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിന്റെ പാത പിന്തുടരുമെന്നും ഇറാൻ അടക്കമുള്ള രാജ്യങ്ങൾ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാൾഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

ഇസ്രയേലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് കരാറെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നയതന്ത്ര, സാമ്പത്തികതലങ്ങളിൽ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യേഷ്യയുടെ പുതിയ ചരിത്രവും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 13-നാണ് യു.എ.ഇ. ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തിൽനിന്ന് ഇസ്രയേൽ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ധാരണ.

സെപ്റ്റംബർ 11-ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫയും കരാറിൽ ഏർപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാരെദ് കുഷ്‌നറുടെ നേതൃത്വത്തിൽ നയതന്ത്രതലത്തിൽ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഉടമ്പടി സാധ്യമായത്.