കേരളത്തിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ട്; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിൽ

single-img
16 September 2020

കേരളത്തിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർ‌ക്കാർ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്യസഭയെ അറിയിച്ചത്. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാണെന്നും മന്ത്രാലയം‌ വ്യക്തമാക്കി.

കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിർദേശം കൈമാറിയത്.

സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും റിപ്പോർട്ടുണ്ട്.