തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗിക്കു തപാൽ വോട്ട് ചെയ്യാം, വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

single-img
16 September 2020

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. കൂടാതെ നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. ഇതനുസരിച്ച്, വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയായിരിക്കും.

കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും. കിടപ്പു രോഗികൾക്കും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്‌രാജ്, മുൻസിപ്പൽ നിയമത്തിൽ ഭേദഗതി വരുത്തും.

വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്.