ക്ഷേത്രത്തിലേക്ക് ഭക്തരുമായി പുറപ്പെട്ട ബോട്ട് മുങ്ങി; 14 മരണം; നിരവധി പേരെ കാണാനില്ല

single-img
16 September 2020

രാജസ്ഥാനിലെ കോട്ടയില്‍ ഇന്ദര്‍ഘട്ടിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായി യാത്ര തിരിച്ച ബോട്ട് ചമ്പല്‍ നദിയിൽ മുങ്ങി 14 പേര്‍ മരിച്ചു. നദിയുടെ അപ്പുറമുള്ള ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരുമായാണ് ബോട്ട് പുറപ്പെട്ടത്. അപകടത്തിൽ ധാരാളം പേരെ കാണാതാവുകയും ചെയ്തു.

45ഓളം ആളുകളാണ് ഈ ബോട്ടിലുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിക്കുന്നത്. പ്രദേശത്തെ ഖട്ടോലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായതെന്ന് കോട്ട റൂറല്‍ എസ്പി ശരദ് ചൗധരി മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം അപകടത്തിൽപ്പെട്ട ചിലരെ രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അപകടത്തില്‍പ്പെട്ടവരിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ബോട്ട് സുരക്ഷ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന സൂചന. നിലവിൽ അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.