ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വ്യാജ സന്ദേശം; മുന്‍ അധ്യാപികക്കെതിരെ കേസ്

single-img
15 September 2020

മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വ്യാജസന്ദേശത്തേത്തുടര്‍ന്ന് പൊലീസ് രാത്രിയിൽ പരിശോധന നടത്തി. ‘മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. ഉടനെ വരണം, രക്ഷിക്കണം’ എന്നായിരുന്നു ഫോണ്‍ സന്ദേശം. സംഭവത്തിൽ കാനാട്ടുകരയിലെ മുന്‍ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. ഫോണ്‍ സന്ദേശം ലഭിച്ച പോലീസ്, ഉടനെ തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി. കാനാട്ടുകര മേഖലയിലെ ഫ്‌ളാറ്റിൽ ടി പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്നായിരുന്നു സന്ദേശം. ഫോണില്‍ കിട്ടിയ വിവരങ്ങളനുസരിച്ച് വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. കാനാട്ടുകരയിലെ ഫ്‌ളാറ്റുകളിലെത്തിയ പോലീസ് ആളുകളെ വിളിച്ചുണര്‍ത്തി വിവരങ്ങള്‍ തിരക്കി.

അന്വേഷണത്തിൽ വ്യാജസന്ദേശമെന്ന് വ്യക്തമായി. അതോടെ പോലീസ് സന്ദേശമെത്തിയ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. കാനാട്ടുകരയില്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പ്രായം ചെന്ന സ്ത്രീയാണ് വിളിച്ചതെന്ന് കണ്ടെത്തി.