കഞ്ചാവ് മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി; വെട്ടേറ്റ 19 കാരൻ മരിച്ചു

single-img
15 September 2020

കൊച്ചി നെട്ടൂരിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വെട്ടേറ്റ യുവാവ് മരിച്ചു. നെട്ടൂർ ഓൾഡ് മാർക്കറ്റ് റോഡിലെ വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. ഫഹദ് പോളിടെക്നിക് വിദ്യാർത്ഥിയാണ്. ലഹരി സംഘങ്ങളുടെ കേന്ദ്രമായ ദേശീയ പാതയിൽ നെട്ടൂർ പാലത്തിനോട് ചേർന്നുള്ള പ്രദേശത്താണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘർഷം ഉടലെടുത്തത്. ഇതിൽ ഇടപെട്ട് ഒരാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു ഫഹദിനെ വടിവാൾ ഉപയോഗിച്ച് കൂട്ടത്തിൽ മറ്റൊരാൾ വെട്ടിയത്. കൈത്തണ്ടയിൽ വെട്ടേറ്റ ഫഹദ് ദേശീയ പാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയിൽ തളർന്നു വീഴുകയായിരുന്നു. ഫഹദിനെ ആശുപത്രിയിൽ എത്തിക്കാനും വൈകി. 20 മണിക്കൂറോളം വെന്റിലേറ്ററിൽ കഴിഞ്ഞു. ഒടുവിൽ മരണം സ്ഥിരീകരിച്ചു.

നെട്ടൂർ പാലത്തിന്റെ പരിസരപ്രദേശങ്ങൾ ഇരുട്ടുവീണാൽ ലഹരിസംഘങ്ങളുടെ കേന്ദ്രമാണെന് പൊലീസ് പറയുന്നു. നേരത്തെ ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസ് പനങ്ങാട് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. അതിൽ ഉൾപ്പെട്ടവർ തന്നെയാണ് കഴിഞ്ഞദിവസവും ഏറ്റുമുട്ടിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫൊറൻസിക് വിഭാഗമെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അന്വേഷണം.